May 9, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

റാബീസ്:ഏകാരോഗ്യവും റാബീസ് നിർമ്മാർജ്ജനവും

(സെപ്റ്റംബർ 28 ലോകപേവിഷദിനം) ജോബിബേബി,നഴ്സ്,കുവൈറ്റ്

തെരുവുനായകൾ ഉയർത്തുന്ന പ്രശ്നങ്ങൾ പലതാണ്.അവയുടെ വംശവർദ്ധനവ് അഭൂതപൂർവ്വമാണ്.ഒന്നും തെരുവിൽ പെറ്റു വീഴുന്നവയല്ല;മനുഷ്യർ തെരുവിലേക്ക് തുറന്നു വിട്ടവരാണ്.നഗരങ്ങളും ഗ്രാമങ്ങളുമെല്ലാം നായകൾ കയ്യടക്കിയിരിക്കുന്നു.ജ്വരമുദ്രകൾ ചാർത്തിക്കൊണ്ട് കോവിഡ് മഹാമാരി തിമർത്താടിയപ്പോൾ മനുഷ്യർ സ്വന്തം മാളങ്ങൾ വിട്ട് പുറത്തുവരാതെ വീടുകളിൽ തന്നെയൊതുങ്ങി.കോവിഡ് സമ്മാനിച്ച കേവ് സിൻഡ്രോo ബാധിച്ചു ഏറെപ്പേരും അവനവനിലേക്ക് ഉൾവലിഞ്ഞു ചടഞ്ഞു കൂടിയപ്പോൾ കാട്ടുമൃഗങ്ങൾ കാട് വിട്ട് നാട്ടിലേക്കിറങ്ങി.തങ്ങളുടെ നഷ്ടപെട്ട ഇടങ്ങൾ പിടിച്ചെടുക്കുന്ന തത്രപ്പാടിൽ പുതുതലമുറ രോഗങ്ങൾ സമ്മാനിച്ചുകൊണ്ട് അവർ ജൈത്രയാത്ര തുടരുകയാണ്.മനുഷ്യൻ പേശീബലം കൊണ്ട് പിടിച്ചടക്കിയ കോട്ട കൊത്തളങ്ങൾ തിരികെപ്പിടിച്ച സന്തോഷത്തിലാണ് വന്യമൃഗങ്ങളൊക്കെ.തെരുവുനായ പ്രശ്നം ഒരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല ആരോഗ്യ പ്രശ്നവുമായി മാറി.20ഓളം പേ വിഷ മരണങ്ങളാണ് ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഏകദേശം 2 ലക്ഷം പേർക്ക് നായ കടിയേറ്റു.

ലോകപേവിഷദിനാചരണത്തിന്റെ പ്രാധാന്യം

1895സെപ്തംബർ 28.ലോകമന:സാക്ഷിയെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട് റാബീസ് വാക്സിന്റെ ഉപജ്ഞാതാവ്‌ ലൂയിസ് പാസ്ചർ(72)എന്ന ലോകമറിയുന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ വിടപറഞ്ഞു.ആധുനിക വൈദ്യ ശാസ്ത്രത്തിനും പൊതുജനാരോഗ്യ മേഖലയ്ക്കും അദ്ദേഹത്തിന്റെ സംഭാവനകൾ ചെറുതല്ല.ആയതിനാൽ അദ്ദേഹത്തിന്റെ ഓർമ്മയുടെ സ്‌മരണാർത്ഥമാണ് വർഷംതോറും സെപ്റ്റംബർ 28 ലോകപേവിഷദിനമായി ആചരിക്കുന്നത്.2007 സെപ്റ്റംബർ 28ന് ശാസ്ത്രജ്ഞന്മാരും ഗവേഷകരുമടങ്ങുന്ന ഒരു സംഘം ആളുകൾ ഗ്ലോബൽ അലയൻസ് ഫോർ റാബീസ് കൺട്രോൾ എന്ന കൂട്ടായ്മയ്ക്ക് രൂപം നൽകുകയും ആദ്യത്തെ ലോക പേവിഷബാധ ദിനാചരണം ആഘോഷിക്കുകയും ചെയ്യ്തു.”റാബീസ്:വൺ ഹെൽത്ത് സീറോ റാബീസ്”എന്നതാണ് ഇത്തവണത്തെ ദിനാചരണാശയം.പരിസ്‌ഥിതി കാലാവസ്ഥ എന്നിവയുമായി ഇണങ്ങുന്ന ഒരു പേവിഷ നിയന്ത്രണം 2030ഓടെ സാധിതപ്രാപ്യമാക്കാനുള്ള ഒരു കർമ്മപദ്ധതിയ്ക്കാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ലോകത്ത്‌ ഏതാണ്ട് 36ശതമാനം പേവിഷബാധയും നായകളിലൂടെയെന്നാണ് കണക്ക്.റാബീസിനെ ഒരു നോട്ടിഫയബിൾ ഡിസീസ് ആക്കി പ്രഖ്യാപിക്കണമെന്ന ഇന്ത്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ അവശ്യം ലോകാരോഗ്യ സംഘടന അംഗീകരിച്ച മട്ടാണ്.2030-ഓടെ നായകൾ മൂലമുള്ള പേവിഷബാധയ്ക്ക് അറുതി വരുത്താനുള്ള ഒരു ദേശീയ പദ്ധതിയ്ക്കും ഭാരതം രൂപം നൽകിയിട്ടുണ്ട്.അതിന്റെ ഭാഗമായി വൈജാത്യമായ റാബീസ് ബോധവത്‌കരണ പരിപാടികൾ,സംവാദങ്ങൾ,സ്കൂൾതല ബോധവത്‌കരണങ്ങൾ,പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകൾ,റാലികൾ,വന്ധ്യo കരണ ക്യാമ്പുകൾ എന്നിവയെല്ലാം നടത്തപ്പെടും.നായ കടിച്ചുള്ള പേവിഷ മരണങ്ങൾ പ്രതിരോധിക്കപ്പെടും.അതിരുകൾ കടന്ന് മനുഷ്യജീവനെടുക്കുന്ന മറ്റൊരു ജന്തുജന്യരോഗവും റബീസിനൊപ്പമെത്തില്ല എന്ന തിരിച്ചറിവ് ലക്ഷ്യത്തെ സാധൂകരിക്കുന്നു.

വാക്സിനേഷൻ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

2021ലെ ലോക പേവിഷദിനത്തിന്റെ ആശയം റാബീസിനെ ഭയക്കേണ്ടതില്ല എന്നതായിരുന്നു.പക്ഷേ നമ്മുടെ ഗ്രാമീണ ജനത ഇന്നും ഭയത്തിൽ നിന്നും മുക്തമല്ല.പേവിഷത്തിനെതിരെയുള്ള  ആദ്യ വാക്സിന്റെ പിറവിയ്ക്ക് ശേഷം 135വർഷമായിട്ടും അവരുടെ മനസ്സിൽ ഇന്നും പൊക്കിളിനു ചുറ്റും ചെയ്യാവുന്ന വേദനാജനകമായ 14കുത്തിവയ്പുകളാണ്.ഇന്നു ആധുനിക രീതിയിലുള്ള ടിഷ്യുകൾച്ചർ വാക്സിനാണ് മനുഷ്യരിൽ ഉപയോഗിക്കുന്നത്.0,3,7,14,28 ഇടവേളകളിൽ ഭുജങ്ങളിലെ മാംസപേശികളിൽ മനുഷ്യരിൽ ചെയ്യ്തുവന്ന വാക്സിൻ മേൽ ചർമ്മത്തിന് തൊട്ടുതാഴെ ചെയ്യുന്ന രീതിയിൽ എത്തിയിട്ടുണ്ട്.പ്രത്യേകിച്ചു പഥ്യക്രമങ്ങളൊന്നുമില്ല.എന്നാൽ വാക്സിനേഷൻ സമയത്തു അമിതമായ കായികാധ്വാനവും ലഹരി ഉപയോഗവും പാടില്ല.വാക്സിനേഷൻ എടുക്കുന്ന വേളയിൽ ആളുകളുമായി ഇണചേരുന്നതിലൂടെ റാബീസ് പകരില്ല.എന്നാൽ പ്രകടമായ റാബീസ് ലക്ഷണങ്ങൾ കാണിക്കുന്ന രോഗിയുടെ എല്ലാ സ്രവങ്ങളിലും റാബീസ് വൈറസുകൾ ഉണ്ടാകാം എന്നോർക്കുക.പേപ്പട്ടിയുടെ ഉമിനീരിലൂടെ ഇടവിട്ട് മാത്രമേ വൈറസുകൾ പുറത്തേക്ക് വരൂ.അതിനാൽ തന്നെ ഒരു പേപ്പട്ടി തന്നെ 100പേരെ കടിച്ചാൽ 15പേർക്ക് മാത്രമേ റാബീസ് ഉണ്ടാകാൻ സാധ്യതയുള്ളൂ.ഒരിക്കൽ റാബീസിന്റെ പ്രകടമായ ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഒരു വൈദ്യശാസ്‌ത്രത്തിനും രോഗിയെ രക്ഷിക്കാനാവില്ല.

ശ്രദ്ധവെച്ചാൽ 100 ശതമാനം രക്ഷപ്പെടുത്താനും അശ്രദ്ധയായാൽ മരണനിരക്ക് കൂട്ടാനും റാബീസിനു കഴിയും.പക്ഷേ നമ്മുടെ തന്നെ അറിവില്ലായ്‍മയും മിഥ്യാധാരണയുമാണ് വിനയാകുന്നത്.മുറിവിന്റെ പരിചരണം പരമപ്രധാനമാണ്.രക്തത്തിലൂടെയല്ല മറിച്ചു,നെർവുകളിലൂടെയാണ് വൈറസുകൾ തലച്ചോറിനെ ലക്ഷ്യമാക്കി നീങ്ങുന്നത്.വൈറസ് തലച്ചോറിലെത്തുന്നതിനു മുൻപ് വാക്സിനേഷനിലൂടെ പ്രതിരോധഘടകങ്ങൾ(ആന്റി ബോഡീസ്)സൃഷ്ടിച്ചു റാബീസിനെ തടയാനാകും.തലച്ചോറിലെത്തുന്ന വൈറസ് ഉമിനീർ ഗ്രന്ഥികളിലെത്തി പെരുകുകയാണ് ചെയ്യുന്നത്.സാധാരണ ഗതിയിൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പേവിഷ ബാധ പടർന്ന റിപ്പോർട്ടില്ല.നമ്മുടെ നാട്ടിൽ നായയും പൂച്ചയുമാണ് പ്രധാനമായും രോഗം പകർത്തുന്നത്.റക്കൂണുകൾ ഏറ്റവും അപകടകാരിയായ വന്യജീവിയും.തിളപ്പിച്ചാറിച്ച പാലോ പാചകം ചെയ്ത മാംസമോ കഴിക്കുന്നതിലൂടെ റാബീസ് പകരില്ല.പട്ടിക്കുട്ടികൾ അറിയാതെ കടിച്ചാൽ കുത്തിവയ്‌പ്പെടുക്കാതിരിക്കരുത്.മൃഗങ്ങളിൽ മാത്രമുള്ള ഒരു സവിശേഷതയാണ് ഗർഭസ്ഥാവസ്ഥയിൽ പോക്കിൾക്കൊടിയിലൂടെ തള്ളയ്ക്ക് റാബീസ് ഉണ്ടെങ്കിലും കുട്ടിക്കും പകരുമെന്നത്.വാക്സിനേഷനെടുത്ത നായ തന്നെ നമ്മെ കടിച്ചാൽ 10ദിവസത്തിനുള്ളിൽ നായ ചത്തുപോയാൽ വാക്സിനേഷനെടുക്കുക തന്നെ വേണം.ഫ്രിഡ്ജിലും മറ്റും താപനില നിയന്ത്രിച്ചു വേണം വാക്സിൻ സൂക്ഷിക്കാൻ.അല്ലെങ്കിൽ പൊട്ടെൻസി കുറയും.വാക്സിനേഷൻ പരാജയപ്പെടും.1മി.ലി.വാക്സിനിൽ 2.5ഇന്റർനാഷണൽ യൂണിറ്റെന്ന ടൈറ്റർ വാല്യൂ ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിരിക്കുന്നു.പേവിഷ ബാധയ്‌ക്കെതിരെ മുൻപ് കുത്തിവയ്‌പ്പെടുത്തവർക്ക് 0,3 ദിവസങ്ങളിൽ രണ്ട് കുത്തിവയ്‌പ്പുകൾ മതിയാകും.നായയും പൂച്ചയുമായി അടുത്തിടപെഴുകുന്നവർ 0,7,21,28 എന്നീ ഇടവേളകളിൽ കുത്തിവയ്‌പെടുക്കുന്നത് സുരക്ഷിതത്വമുറപ്പുവരുത്തുന്നു.നെഞ്ചിനു മുകൾഭാഗം,കൈവിരൽത്തുമ്പുകൾ,മുഖം,നെറ്റി,ചെവി,കൺപോളകൾ എന്നിവിടങ്ങളിലെ കടികൾ അപകടകരമാണ്.

നിയമ ഇടപെടലുകൾ

 നായയെ ഉന്മൂലനം ചെയ്യുന്നതിന് സുപ്രീംകോടതി വിലക്കുള്ളതിനാൽ ബദൽ മാർഗ്ഗമായ അനിമൽ ബെർത്ത് കൺട്രോൾ പ്രോഗ്രാമിലാണ്(ABC പ്രോഗ്രാം)തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശ്രദ്ധിച്ചു വരുന്നത്.END പ്രോഗ്രാമിനു(Early neutering Dogs)വേണ്ടത്ര ഉത്സാഹം കാണിക്കാത്തത് ആശ്ചര്യമുളവാക്കുന്നു.ABC പ്രോഗ്രാമിനൊടുവിൽ ഇന്നത്തെ രീതിയിൽ നായകളെ പിടിച്ച തെരുവിൽതന്നെ തുറന്ന് വിടുന്ന സമ്പ്രദായം കൊണ്ട് തെരുവിലെ നായയുടെ എണ്ണം കുറയുന്നില്ല.വന്ധ്യകരിക്കപ്പെട്ട നായ കടിക്കില്ലെന്നും കടിച്ചാൽ കുത്തിവയ്പ്പെടുക്കേണ്ടന്നും പറയാനാവില്ല.3 വർഷം തുടർച്ചയായി പ്രതിരോധകുത്തിവയ്‌പ്പെടുക്കുന്ന നായയെ മാത്രമേ പ്രൊട്ടക്ടഡ് ആയി മാത്രമേ കരുതാനാവൂ എന്ന് ലോകാരോഗ്യ സംഘടന പറയുമ്പോൾ ഒരു കുത്തിവയ്പ്പ് കൊണ്ട് മാത്രം ABc നായകൾ പേവിഷ പ്രതിരോധമാർജ്‌ജിക്കണമെന്നില്ല.തെരുവ് നായകളെ സൂക്ഷ്മതയോടെ പിടിച്ചു വന്ധ്യംകരിച്ചു തുറന്ന് വിടുന്നതിന് മോഹിപ്പിക്കുന്ന പ്രതിഫലമാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ സർക്കാർ ഉത്തരവിലൂടെ പുറപ്പെടുവിച്ചത്.എന്തായാലും സംസ്ഥാനത്തു നായകൾക്ക് നിർബന്ധ ലൈസൻസിങ്ങും വാക്സിനേഷനും ഏർപ്പെടുത്തിയ നടപടികൾ സ്വാഹതാർഹമാണ്.

പരിഹാരമാർഗ്ഗങ്ങൾ

വ്യക്തി ശുചിത്വവും പരിസര ശുചത്വവും പ്രധാനമാണ്.മാലിന്യങ്ങൾ തെരുവിലേക്ക് വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കണം.ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനും മാസോത്പാദനത്തിനും സംവിധാനം ഉണ്ടാക്കണം.ചുറ്റുമതിലോ വേലിയോ ഇല്ലാത്ത വീടുകളിൽ നായയെ കെട്ടിയിട്ടു വളർത്താനും സമയാസമയമുള്ള പ്രധിരോധകുത്തിവയ്‌പ്പെടുക്കുവാനും ലൈസൻസ് എടുക്കുവാനും ഉടമസ്ഥർ ശ്രദ്ധിക്കണം.നായകടിമൂലമുള്ള നഷ്ടപരിഹാരത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളെപ്പോലെ ഉടമസ്ഥനും ബാധ്യതയുണ്ട്.പേവിഷ നിയന്ത്രണം ഒരു ജനകീയ സംരംഭമാക്കാൻ പോതുജനങ്ങളും ജാഗ്രത കാട്ടണം.ലോക പേവിഷ ദിനത്തിന്റെ പ്രത്യാശയും ഇതാകട്ടെ.

(ലേഖകൻ കുവൈറ്റിൽ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ കീഴിൽ കെ.ഒ.സി ഹോസ്പിറ്റലിൽ രെജിസ്‌റ്റേർഡ് നഴ്‌സായി ജോലി നോക്കുന്നു)