August 8, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റ് സന്ദർശന വിസ റെസിഡൻസി വിസയാക്കി മാറ്റുന്നതിന് കർശന നിയന്ത്രണം ; കുടുംബ വിസയ്ക്കും തൊഴിൽ വിസയ്ക്കും പ്രത്യേക നിബന്ധനകൾ

150 കുവൈറ്റി ദിനാർ ഫീസിൽ വിസ മാറ്റാൻ എല്ലാവർക്കും അനുമതിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റിൽ സന്ദർശന വിസകൾ (Visit Visa) റെസിഡൻസ് പെർമിറ്റുകളാക്കി (Residency Permit) മാറ്റുന്നതിന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവിലെ നിബന്ധനങ്ങൾ പാലിക്കാത്തതിനെ തുടർന്ന് നൂറുകണക്കിന് പ്രവാസികളുടെ അപേക്ഷകൾ നിരസിച്ചതായി സുരക്ഷാ കേന്ദ്രങ്ങൾ വ്യക്തമാക്കി. 150 കുവൈറ്റി ദിനാർ കൺവേർഷൻ ഫീസ് അടച്ച് വിസ മാറ്റാമെന്ന തീരുമാനം എല്ലാ പ്രവാസികൾക്കും ബാധകമാണെന്ന തെറ്റിദ്ധാരണയിലാണ് വലിയൊരു വിഭാഗം അപേക്ഷകൾ സമർപ്പിച്ചത്. ആറ് ഗവർണറേറ്റുകളിലെയും റെസിഡൻസി അഫയേഴ്സ് വകുപ്പുകളിൽ ലഭിച്ച അപേക്ഷകളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണ് തള്ളിയത്.

സന്ദർശന വിസകൾ ആർട്ടിക്കിൾ 17, 18, 20, 22 തുടങ്ങിയ റെസിഡൻസി കാറ്റഗറികളിലേക്ക് മാറ്റുന്നത് എല്ലാ പ്രവാസികൾക്കും അല്ലെങ്കിൽ എല്ലാ രാജ്യക്കാർക്കും പൊതുവായി അനുവദനീയമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡയറക്ടർ ജനറൽ ഓഫ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസിഡൻസി അഫയേഴ്‌സിന്റെയോ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയോ പ്രത്യേക അനുമതിയും മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയാണ് ഓരോ അപേക്ഷയും പരിഗണിക്കുന്നത്.

കുടുംബ വിസ (Article 22) മാറ്റത്തിനുള്ള മാനദണ്ഡങ്ങൾ:

ഫാമിലി റീയൂണിഫിക്കേഷൻ (കുടുംബ വിസ) വിഭാഗത്തിൽ വിസിറ്റ് വിസ റെസിഡൻസിയാക്കി മാറ്റാൻ അപേക്ഷിക്കുന്ന പ്രവാസിക്ക് കുറഞ്ഞത് 800 കുവൈറ്റി ദിനാർ പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം. ഭാര്യ, 18 വയസ്സിൽ താഴെയുള്ള ആൺമക്കൾ, 21 വയസ്സിൽ താഴെയുള്ള പെൺമക്കൾ എന്നിവരുടെ വിസിറ്റ് വിസകൾ മാത്രമേ ഇത്തരത്തിൽ മാറ്റാൻ സാധിക്കൂ. അപേക്ഷകർ 150 ദിനാർ കൺവേർഷൻ ഫീസിന് പുറമെ ഹെൽത്ത് ഇൻഷുറൻസ് ഫീസും റെസിഡൻസി സ്റ്റാമ്പിംഗ് ഫീസും ഒടുക്കേണ്ടതുണ്ട്.

മനുഷ്യത്വപരമായ ഇളവുകൾ:

ശമ്പള നിബന്ധനയോ സർവ്വകലാശാലാ ബിരുദമോ ഇല്ലാത്ത പ്രത്യേക സാഹചര്യങ്ങളിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അമ്മയ്ക്ക് സാധുവായ റെസിഡൻസി ഉണ്ടെങ്കിൽ 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ വിസിറ്റ് വിസ മാറ്റാൻ അനുമതിയുണ്ട്. കൂടാതെ, ഭാര്യയുടെ മുൻ റെസിഡൻസി കാലാവധി തീർന്ന് ഒരു വർഷത്തിനുള്ളിലാണെങ്കിൽ, ആവശ്യമായ ഫീസും അനുമതിയും നേടി വിസ മാറ്റാൻ ഭർത്താവിന് അപേക്ഷിക്കാം.

വർക്ക് പെർമിറ്റ് (Article 18) മാറ്റത്തിനുള്ള വിലക്കുകൾ:

ഭാര്യയുടെയോ മക്കളുടെയോ വിസിറ്റ് വിസകൾ യാതൊരു കാരണവശാലും ആർട്ടിക്കിൾ 18 തൊഴിൽ വിസയാക്കി മാറ്റാൻ സാധിക്കില്ലെന്ന് അധികൃതർ ഊന്നിപ്പറഞ്ഞു. അതേസമയം, സർക്കാർ മന്ത്രാലയങ്ങളോ പൊതുസ്ഥാപനങ്ങളോ നൽകിയ വിസിറ്റ് വിസയിൽ എത്തിയ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ സാങ്കേതിക പ്രാഗത്ഭ്യമോ ഉള്ളവർക്കും ഗാർഹിക തൊഴിലാളികൾക്കും (Article 20) നിശ്ചിത വ്യവസ്ഥകൾക്ക് വിധേയമായി തൊഴിൽ വിസയിലേക്ക് മാറാം. കൂടാതെ, വർക്ക് വിസയിൽ എത്തി നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് അടിയന്തര സാഹചര്യങ്ങളാൽ ഒരു മാസത്തിൽ താഴെ വിദേശത്ത് തങ്ങി ബിസിനസ്സ് വിസിറ്റ് വിസയിൽ തിരിച്ചെത്തിയവർക്കും പ്രത്യേക അനുമതിയോടെ തൊഴിൽ വിസ നടപടികൾ പൂർത്തിയാക്കാം. അപേക്ഷകളെല്ലാം ലേബർ മാർക്കറ്റ് ആവശ്യങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും മുൻനിർത്തി മാത്രമേ അനുവദിക്കൂ.

error: Content is protected !!