കുവൈറ്റ് സിറ്റി: രാജ്യത്ത് ചൊവ്വാഴ്ചയോടെ 40 ദിവസത്തോളം നീണ്ടുനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ ഘട്ടം ആരംഭിക്കുമെന്ന് റിപ്പോർട്ട്. ‘അൽ-അഹ്മർ സ്‌ട്രൈക്ക്’ എന്ന് പരമ്പരാഗതമായി അറിയപ്പെടുന്ന ഈ സീസണിൽ ശക്തമായ കാറ്റും, കടൽ പ്രക്ഷുബ്ധതയും, താപനിലയിലെ ഗണ്യമായ കുറവും അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ, ജ്യോതിശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകി.
മഴയും ഇടിയോടുകൂടിയ കൊടുങ്കാറ്റും, ഉയർന്ന തിരമാലകളും പതിവായിരുന്ന ഈ കാലഘട്ടം അറബിക്കടലിലെ നാവികർക്ക് ഏറ്റവും അപകടകരമായ ഒന്നായി ചരിത്രപരമായി കണക്കാക്കപ്പെടുന്നു. അന്തരീക്ഷസ്ഥിതിയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ് ഈ സീസണിന്റെ പ്രധാന പ്രത്യേകത.
കപ്പൽ യാത്രക്കാർക്ക് മുന്നറിയിപ്പ്
ഈ കാലാവസ്ഥാ മാറ്റം ശരത്കാലത്തിൽ നിന്ന് തണുപ്പുകാലത്തേക്കുള്ള ഒരു പരിവർത്തന ഘട്ടമാണ്. അന്തരീക്ഷം അസ്ഥിരമായിരിക്കുമെന്നും ശക്തമായ കാറ്റിനും മേഘരൂപീകരണത്തിനും മഴയ്ക്കും സാധ്യതയുണ്ടെന്നും അറബ് യൂണിയൻ ഫോർ അസ്ട്രോണമി ആൻഡ് സ്‌പേസ് സയൻസസിലെ അംഗം ബദർ അൽ-അമീറ വ്യക്തമാക്കി. ഉയർന്ന തിരമാലകളും പ്രക്ഷുബ്ധമായ കാറ്റും കാരണം നാവികർ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡിസംബർ 20-ന് ശീതകാല സംക്രമണം (winter solstice) തുടങ്ങുന്നതുവരെ ഈ പ്രതിഭാസം തുടരും.
ജ്യോതിശാസ്ത്ര ഗവേഷകനായ ആദിൽ യൂസഫ് അൽ-മർസൂഖ് പ്രാദേശിക പത്രമായ അൽ-റായോട് സംസാരിക്കവേ, ഈ ഘട്ടം ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള മാറ്റം കുറിക്കുന്നതിനാൽ ചുമ, ജലദോഷം, പനി തുടങ്ങിയ കാലാനുസൃത രോഗങ്ങൾ പടരുന്നതിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി.
മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗം
ജ്യോതിശാസ്ത്രപരമായി, ‘അൽ-അഹ്മർ’ നക്ഷത്രം അപ്രത്യക്ഷമാവുന്നതോടെ മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും അൽ-മർസൂഖ് അറിയിച്ചു. ഈ സമയത്ത് കടൽ അങ്ങേയറ്റം അപകടകരമാകും. കപ്പലുകൾക്കും നാവികർക്കും ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ മുന്നിൽക്കണ്ട് പണ്ടുകാലത്ത് ഈ സീസണിൽ കപ്പൽ യാത്രകൾ ഒഴിവാക്കിയിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചൊവ്വ ഗ്രഹത്തിന് സമാനമായി ചുവന്ന നിറത്തിൽ കാണപ്പെടുന്ന വൃശ്ചികം രാശിയിലെ ‘അൽ-അഹ്മർ’ നക്ഷത്രത്തിന്റെ പേരിലാണ് ഈ സീസൺ അറിയപ്പെടുന്നത്. കപ്പൽ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ കാലയളവിലെ കൊടുങ്കാറ്റിനെയും കാറ്റിനെയും സൂചിപ്പിക്കാനാണ് ‘അൽ-അഹ്മർ സ്‌ട്രൈക്ക്’ എന്ന പ്രയോഗം നിലവിൽ വന്നത്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്