കുവൈറ്റ് സിറ്റി: ഇന്ത്യയുടെ ദേശീയഗീതമായ ‘വന്ദേമാതര’ത്തിന്റെ 150-ാം വാർഷികാഘോഷങ്ങൾക്ക് കുവൈത്ത് സിറ്റിയിലെ ഇന്ത്യൻ എംബസിയിൽ വർണ്ണാഭമായ തുടക്കം. എംബസി അങ്കണത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ദേശീയഗീതം കൂട്ടമായി ആലപിച്ചാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.
രാജ്യവ്യാപകമായി നടക്കുന്ന വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസംഗിച്ചു. പ്രധാനമന്ത്രി ഈ സന്ദർഭത്തിൽ സ്മാരക നാണയങ്ങളും സ്റ്റാമ്പും പുറത്തിറക്കുകയും, പൗരന്മാർക്ക് വന്ദേമാതരം ആലപിക്കുന്ന വീഡിയോകൾ അപ്‌ലോഡ് ചെയ്യാനും സർട്ടിഫിക്കറ്റ് നേടാനും സാധിക്കുന്ന https://www.vandemataram150.in/ എന്ന പോർട്ടലിന് തുടക്കം കുറിക്കുകയും ചെയ്തു. വന്ദേമാതരം ഒരു മന്ത്രവും, ഊർജ്ജവും, സ്വപ്നവും, ദൃഢനിശ്ചയവുമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 150-ാം വാർഷികം ദേശീയ അഭിമാനത്തിന്റെ മുഹൂർത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ
ദേശീയഗീതത്തിന്റെ ചരിത്രപരവും സാംസ്കാരികപരവുമായ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഈ വാർഷികാഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കും. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി കമ്മ്യൂണിറ്റി അസോസിയേഷനുകളുമായും സാംസ്കാരിക സംഘടനകളുമായും ചേർന്ന് വരും മാസങ്ങളിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
സ്വാതന്ത്ര്യസമരത്തിന്റെ മന്ത്രം
ബങ്കിം ചന്ദ്ര ചാറ്റർജി 1875-ൽ രചിച്ചതാണ് വന്ദേമാതരം. പിന്നീട് ഇത് അദ്ദേഹത്തിന്റെ വിഖ്യാത നോവലായ ആനന്ദമഠത്തിൽ ഉൾപ്പെടുത്തി. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ, ഈ ഗാനം പോരാളികൾക്ക് പ്രചോദനത്തിന്റെ ശക്തികേന്ദ്രമാവുകയും രാജ്യത്തുടനീളം ദേശസ്നേഹപരമായ ഐക്യം വളർത്തുകയും ചെയ്തു. 1937-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇതിനെ ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി