കുവൈറ്റ് സിറ്റി: വാഹനങ്ങളുടെ നഷ്ടപ്പെട്ട രജിസ്ട്രേഷൻ ലൈസൻസ് പ്ലേറ്റുകൾക്ക് (നമ്പർ പ്ലേറ്റ്) പകരം പുതിയവ ലഭിക്കുന്നതിനായി ‘സഹൽ’ (Sahel) ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ സേവനം ആരംഭിക്കാൻ കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരുങ്ങുന്നു. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ സേവനം ക്രമീകരിക്കുന്നത്.
പുതിയ സംവിധാനം നിലവിൽ വരുന്നതോടെ പ്രാഥമിക ഘട്ടത്തിൽ ട്രാഫിക് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ വാഹന ഉടമകൾക്ക് ആപ്പിലൂടെ അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ പിഡിഎഫ് (PDF) ഫോർമാറ്റിൽ അപ്ലോഡ് ചെയ്യാനും നിശ്ചിത ഫീസ് അടയ്ക്കാനും ഇതിലൂടെ സാധിക്കും. സമർപ്പിച്ച അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം, പുതിയ നമ്പർ പ്ലേറ്റ് കൈപ്പറ്റേണ്ട തീയതിയും സമയവും നിർദ്ദിഷ്ട പ്ലേറ്റ് നിർമ്മാണ ഫാക്ടറിയുടെ വിവരങ്ങളും സഹൽ ആപ്പിലൂടെ തന്നെ അപേക്ഷകനെ അറിയിക്കും.
സേവനങ്ങൾ ലളിതമാക്കാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും ട്രാഫിക് സർവീസ് സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയം ഡിജിറ്റൽ വൽക്കരണ പദ്ധതി വിപുലീകരിക്കുന്നത്. അതേസമയം, സഹൽ ആപ്പ് ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് മുൻപത്തെപ്പോലെ പേപ്പർ ഡ്രൈവിംഗ് ലൈസൻസുകളും വാഹന രജിസ്ട്രേഷൻ ബുക്ക്ലെറ്റുകളും നേരിട്ട് അപേക്ഷിച്ച് കൈപ്പറ്റാമെന്നും അധികൃതർ വ്യക്തമാക്കി.





More Stories
അൽ മുസൈനി എക്സ്ചേഞ്ചിന്റെ പുതിയ ശാഖ സാദ് അൽ അബ്ദുള്ളയിൽ പ്രവർത്തനം ആരംഭിച്ചു
കുവൈറ്റിൽ നിന്നും അവധിക്കായി നാട്ടിലെത്തിയ കൊല്ലം സ്വദേശിയായ പ്രവാസി യുവാവ് വാഹനാപകടത്തിൽ മരണപ്പെട്ടു
കുവൈറ്റ് അൽ-മുത്ലാ സിറ്റിയിലെ ഷോപ്പിംഗ് മാളിനുള്ളിൽ ഉയരത്തിൽ നിന്നും വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്