March 5, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മെൻസ് വോയ്സ് & കോറൽ സൊസൈറ്റി രജതജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 5-ന് സമാപനം: മുഖ്യാതിഥിയായി അൽഫോൺസ് ജോസഫ്.

​കുവൈറ്റ്: കുവൈറ്റിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ മെൻസ് വോയ്സ് & കോറൽ സൊസൈറ്റി, കുവൈറ്റിന്റെ (MVCSK) ഒരു വർഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങൾക്ക് ഡിസംബർ 5-ന് കൊടിയിറങ്ങും. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ശ്രീ. അൽഫോൺസ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന മെഗാ സംഗീത ശില്പം ജലീബ് അൽ ഷുയൂഖിലെ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 2025 ഡിസംബർ 5, വെള്ളിയാഴ്ച വൈകിട്ട് 6.30-ന് അരങ്ങേറും.

​2001-ൽ ക്വയർമാസ്റ്റർ ശ്രീ. സണ്ണി മാലിയിലിന്റെ നേതൃത്വത്തിൽ ശ്രീ. സാജൻ കല്ലുപാലത്തിന്റെയും ഡോ. സൈമൺ ഈശോയുടെയും സാന്നിധ്യത്തിലാണ് ഒരുപറ്റം സംഗീത പ്രേമികൾ ചേർന്ന് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.

​കഴിഞ്ഞ 24 വർഷങ്ങളിലായി 250-ൽ അധികം ഗായകർക്ക് ഹാർമണി സംഗീതം അഭ്യസിക്കാനും പാടാനും MVCSK അവസരം നൽകി. മരുഭൂമിയിലെ തിരക്കിട്ട ജീവിതത്തിനിടയിൽ പലർക്കും ഇത് ആശ്വാസത്തിന്റെ തുരുത്തായി.

​2009-ലും 2010-ലും പശ്ചിമേഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും ഉയരം കൂടിയതുമായ മനുഷ്യ ക്രിസ്തുമസ് ട്രീകൾ ഒരുക്കി MVCSK ചരിത്രത്തിൽ ഇടംനേടി. 2015-ൽ പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ജെറി അമൽദേവിൻ്റെ നേതൃത്വത്തിൽ നടത്തിയ ക്രിസ്തുമസ് ഗാനസന്ധ്യയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

​ഒരു വർഷം നീണ്ട ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടുകൊണ്ട്, 2025 ജൂലൈ 11-ന് കോട്ടയം സി.എം.എസ്. കോളേജ് ചാപ്പലിൽ വെച്ച് ചർച്ച് മ്യൂസിക്കിനും ഹാർമണി സംഗീതത്തിനുമായി ജീവിതം സമർപ്പിച്ച 50 സീനിയർ സിറ്റിസൺ കോറിസ്റ്റേഴ്സിനെ ആദരിച്ചുകൊണ്ട് ‘Voice of Wisdom’ എന്ന പരിപാടി നടത്തി. ജൂലൈ 12-ന് തിരുവല്ല ഡോ. അലക്സാണ്ടർ മാർത്തോമ്മ മെത്രാപ്പോലീത്താ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മെഗാ മ്യൂസിക്കൽ കൺസേർട്ടും ക്വയർ ഫെസ്റ്റിവലും സംഗീത പ്രേമികൾക്ക് അവിസ്മരണീയ വിരുന്നായി. പ്രസ്തുത പരിപാടിയിൽ ശ്രീ. ജെറി അമൽദേവാണ് മുഖ്യാതിഥിയായത്.

​ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്ന ഡിസംബർ 5-ലെ മെഗാ സംഗീത ശില്പം ‘Sing Hallelujah’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
​MVCSK-യുടെ 60 അംഗ ഗായകസംഘത്തിന് ക്വയർമാസ്റ്റർ ശ്രീ. അജിത് ബാബുവും അസിസ്റ്റന്റ് ക്വയർ മാസ്റ്റർ ശ്രീ. റിജോ ഏബ്രഹാം മാത്യുവും നേതൃത്വം നൽകും.
​ശ്രീ. ജോർജ്ജ് വർഗ്ഗീസ് പരിശീലനം നൽകിയ 33 അംഗ ജൂനിയർ ക്വയറും വേദിയിൽ ഗാനമാലപിക്കും.
​കുവൈറ്റിലെ വിവിധ ചർച്ച് ഗായകസംഘങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 102 അംഗ മാസ്സ് ക്വയറിനെ ക്വയർമാസ്റ്റർ ശ്രീ. അജിത് ബാബുവും ശ്രീ. അൽഫോൺസ് ജോസഫും നയിക്കും. MVCSK യുടെ നേതൃത്വത്തിലുള്ള നാലാമത് മാസ്സ് ക്വയർ പ്രസന്റേഷനാണിത്.

​പാശ്ചാത്യ-പൗരസ്ത്യ ഗാനങ്ങളെ കോർത്തിണക്കിയുള്ള ഈ സംഗീത ശില്പത്തിന്റെ ജൂബിലി ഗാനം ചിട്ടപ്പെടുത്തിയത് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. തോമസ് ജേക്കബ് കൈതയിലാണ്.

​ഓർഗനൈസർമാരായ ശ്രീ. തോമസ് തോമസ്, ശ്രീ. ആകാശ് ജോൺ തോമസ്, ശ്രീ. ഷിബു സൈമൺ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.

error: Content is protected !!