October 27, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഗാന്ധിജയന്തി ദിനത്തിൽ ജീവകാരുണ്യ സന്ദേശവുമായി മെഡ്എക്സ് മെഡിക്കൽ കെയറും ബിഡികെ കുവൈറ്റും; അദാൻ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: ഗാന്ധിജയന്തി ദിനത്തിൽ മാനവികതയുടെയും സേവനത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് മെഡ്എക്സ് മെഡിക്കൽ കെയറും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ 2-ന് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്ന ക്യാമ്പിൽ മെഡ്എക്സ് മെഡിക്കൽ കെയർ ജീവനക്കാരും മറ്റ് സന്നദ്ധ രക്തദാതാക്കളും പങ്കെടുത്തു.

മെഡ്എക്സ് മെഡിക്കൽ കെയർ മാനേജർ അജയ്‌കുമാർ വിശ്വനാഥൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബിഡികെ കുവൈറ്റ് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീൻ കണ്ണോത്ത് ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജയൻ സദാശിവൻ ആശംസകൾ നേർന്ന് സംസാരിക്കുകയും നളിനാക്ഷൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

ഉദ്ഘാടന പ്രസംഗത്തിൽ സെൻട്രൽ ബ്ലഡ് ബാങ്ക്, രക്തദാതാക്കൾ, ബിഡികെ കുവൈറ്റ് ചാപ്റ്റർ പ്രവർത്തകർ, മെഡ്എക്സ് ജീവനക്കാർ എന്നിവർ നൽകിയ പിന്തുണയ്ക്ക് ഷറഫുദ്ദീൻ കണ്ണോത്ത് നന്ദി രേഖപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിച്ച അദ്ദേഹം, ഇത്തരം സാമൂഹിക ദൗത്യങ്ങൾക്ക് വരും വർഷങ്ങളിലും മെഡ്എക്സ് മെഡിക്കൽ കെയറിന്റെ പിന്തുണ തുടരുമെന്ന് ഉറപ്പുനൽകി.

മനുഷ്യത്വം, കരുണ, സേവനം, കരുതൽ എന്നീ ഗാന്ധിയൻ മൂല്യങ്ങളെ ഓർമ്മിപ്പിക്കുന്ന ദിനത്തിൽ രക്തദാനത്തിലൂടെ ആ സന്ദേശം പ്രായോഗികമായി സമൂഹത്തിലേക്ക് എത്തിക്കാൻ സാധിച്ചത് അർത്ഥവത്താണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ ചെറിയൊരു സന്നദ്ധ പ്രവർത്തനം മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുമെന്ന സന്ദേശമാണ് ക്യാമ്പ് മുന്നോട്ടുവെച്ചത്.

മെഡ്എക്സ് മെഡിക്കൽ കെയർ മുൻപും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നെങ്കിലും, ബിഡികെ കുവൈറ്റ് ചാപ്റ്ററുമായി നേരിട്ട് സഹകരിച്ച് സംഘടിപ്പിക്കുന്ന ആദ്യ രക്തദാന ക്യാമ്പാണിത്. മെഡ്എക്സ് ജീവനക്കാർ തന്നെ നേരിട്ട് രക്തദാതാക്കളായി മുന്നോട്ടുവന്നത് ക്യാമ്പിന് വേറിട്ട പ്രാധാന്യം നൽകി. സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനും പുതിയ ആളുകളെ പങ്കാളികളാക്കാനും ക്യാമ്പ് വേദിയായി. കുവൈറ്റിലെ രക്തശേഖരം ശക്തമായി നിലനിർത്താൻ സന്നദ്ധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും തുടർച്ചയായ പിന്തുണ അനിവാര്യമാണെന്ന് സംഘാടകർ ഓർമ്മിപ്പിച്ചു.

ബിഡികെ കുവൈറ്റ് ചാപ്റ്റർ പ്രവർത്തകരായ രാജൻ തോട്ടത്തിൽ, സോഫി രാജൻ, ഷീബ, വിനോദ്, കലേഷ്, ബീന, തോമസ് അടൂർ, അശ്വിൻ, ജോളി, സൗമിനി, ബിജി മുരളി, പ്രശാന്ത്, മനോജ് മാവേലിക്കര എന്നിവർ മെഡ്എക്സ് ജീവനക്കാരോടൊപ്പം ക്യാമ്പിന്റെ ഏകോപനത്തിന് നേതൃത്വം നൽകി.

ഭാവിയിലും കുവൈറ്റിലെ രക്തശേഖരത്തിന് പൂർണ്ണ പിന്തുണ നൽകാനും സാമൂഹിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് മെഡ്എക്സ് മെഡിക്കൽ കെയറും ബിഡികെ കുവൈറ്റും അറിയിച്ചു. രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ളവർക്ക് 69997588 എന്ന നമ്പറിൽ ബിഡികെ കുവൈറ്റ് ചാപ്റ്ററുമായി ബന്ധപ്പെടാവുന്നതാണ്.

error: Content is protected !!