March 5, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

റുമൈത്തിയ, സാൽവ തീരമേഖലകളിൽ ഡ്രോൺ ആക്രമണശ്രമം പരാജയപ്പെടുത്തി കുവൈത്ത് വ്യോമസേന; ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിലെ റുമൈത്തിയ, സാൽവ തീരപ്രദേശങ്ങളിലൂടെ രാജ്യത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ശത്രു ഡ്രോണുകളെ കുവൈത്ത് വ്യോമസേന വിജയകരമായി പ്രതിരോധിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. സമുദ്രമാർഗ്ഗം എത്തിയ ഭൂരിഭാഗം ഡ്രോണുകളും വ്യോമാതിർത്തി കടക്കുന്നതിന് മുൻപ് തന്നെ വെടിവെച്ചിട്ടതായി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ മൻസൂരി അറിയിച്ചു.

ആക്രമണശ്രമത്തിൽ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. മേഖലയിൽ കേട്ട ഉഗ്രസ്ഫോടന ശബ്ദങ്ങൾ ഡ്രോണുകളെ ആകാശത്തുവെച്ച് തകർക്കുന്നതിനിടെ ഉണ്ടായതാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തെ സുരക്ഷാ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മൻസൂരി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജാഗ്രത തുടരുന്നു മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംയോജിത ഓപ്പറേഷൻ സംവിധാനത്തിലൂടെ വ്യോമാതിർത്തിയിലെ ഓരോ നീക്കവും അതീവ ജാഗ്രതയോടെയാണ് അധികൃതർ നിരീക്ഷിക്കുന്നത്. സിവിൽ ഡിഫൻസ് സുപ്രീം കമ്മിറ്റിയുടെ കീഴിലുള്ള എമർജൻസി ആൻഡ് ക്രൈസിസ് റൂം വഴി 22 സർക്കാർ ഏജൻസികൾ ഏകോപിതമായാണ് പ്രവർത്തിക്കുന്നത്.

വ്യാജവാർത്തകൾക്കെതിരെ കർശന നടപടി സോഷ്യൽ മീഡിയയിലൂടെയും മറ്റും പരിഭ്രാന്തി പടർത്തുന്ന രീതിയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ ക്രൈം വിഭാഗം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊതുജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

error: Content is protected !!