കുവൈറ്റ് സിറ്റി: വിദേശികൾക്കായുള്ള വിസ-താമസ നിയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളുമായി കുവൈത്ത്. പുതിയ താമസനിയമം പ്രാബല്യത്തിൽ വന്നതോടെ സന്ദർശക വിസകൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ അനുവദിക്കുന്ന രീതിയിലേക്ക് നടപടിക്രമങ്ങൾ ലഘൂകരിച്ചു. രാജ്യത്തെ സാമ്പത്തിക-നിക്ഷേപ മേഖലകളെ ഉത്തേജിപ്പിക്കാനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനും ലക്ഷ്യമിട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നീക്കം.
റെസിഡൻസി അഫയേഴ്‌സ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മസ്യാദ് അൽ മുതൈരിയാണ് പുതിയ മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. നിലവിൽ പ്രതിവാരം ശരാശരി 17,000 മുതൽ 20,000 വരെ വിസിറ്റ് വിസകൾ കുവൈത്ത് അനുവദിക്കുന്നുണ്ട്. ഫാമിലി, ബിസിനസ്, ടൂറിസ്റ്റ് വിസകൾ ഇതിൽ ഉൾപ്പെടുന്നു.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
- അഞ്ച് മിനിറ്റിൽ വിസ: സഹേൽ (Sahel), കുവൈത്ത് വിസ (Kuwait Visa) എന്നീ ആപ്പുകൾ വഴി അപേക്ഷിച്ചാൽ അഞ്ച് മിനിറ്റിനുള്ളിൽ വിസ നടപടികൾ പൂർത്തിയാകും. റെസിഡൻസി സേവനങ്ങളിൽ 85 ശതമാനവും ഇപ്പോൾ ഓൺലൈൻ വഴി ലഭ്യമാണ്.
- പുതിയ വിസ വിഭാഗങ്ങൾ: ഒൻപത് തരം താമസ വിസകളും 12 തരം വിസിറ്റ് വിസകളും പുതുതായി തരംതിരിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകർ, ഒരു വർഷത്തിൽ താഴെയുള്ള താൽക്കാലിക സർക്കാർ കരാർ ജോലികൾ, എണ്ണ മേഖലയിലെ ജോലികൾ എന്നിവയ്ക്കായി പ്രത്യേക വിസകൾ അനുവദിക്കും.
- ദീർഘകാല താമസം: കുവൈത്ത് സ്വദേശിനികളുടെ മക്കൾക്കും വസ്തു ഉടമകൾക്കും 10 വർഷം വരെയും, വിദേശ നിക്ഷേപകർക്ക് 15 വർഷം വരെയും താമസാനുമതി ലഭിക്കും.
- യാത്രാ നിബന്ധനകൾ: സാധാരണ താമസ വിസയുള്ളവർ ആറ് മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് നിന്നാൽ വിസ റദ്ദാകും. എന്നാൽ ഗാർഹിക തൊഴിലാളികൾക്ക് ഈ കാലാവധി നാല് മാസമായി കുറച്ചു. നിക്ഷേപകർക്കും വസ്തു ഉടമകൾക്കും കുവൈത്ത് വനിതകളുടെ മക്കൾക്കും ഈ നിബന്ധന ബാധകമല്ല.
- പാസ്‌പോർട്ട് കാലാവധി: മുൻപ് പാസ്‌പോർട്ട് കാലാവധിക്ക് അനുസൃതമായിരുന്നു താമസ വിസ അനുവദിച്ചിരുന്നത്. എന്നാൽ ഇനി മുതൽ പാസ്‌പോർട്ടിന് സാധുതയുണ്ടെങ്കിൽ വിസ നടപടികൾ പൂർത്തിയാക്കാം.
സാമൂഹിക, സാംസ്‌കാരിക, കായിക പ്രവർത്തനങ്ങൾക്കായി വിസിറ്റ് വിസകൾ വിപുലീകരിച്ചതായും അദ്ദേഹം അറിയിച്ചു. വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിലൂടെ കുവൈത്തിനെ മേഖലയിലെ പ്രധാന സാമ്പത്തിക ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച പുതിയ എക്സിക്യൂട്ടീവ് റെഗുലേഷൻസ് നവംബർ 23 മുതലാണ് പ്രാബല്യത്തിൽ വന്നത്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്