രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിൽ ശസ്ത്രക്രിയകൾക്കും ചികിത്സാ ഇടപെടലുകൾക്കും കൂടുതൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രൊഫഷണൽ മാനദണ്ഡങ്ങൾ ഉയർത്തുന്നതിനുമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി 220/2026 നമ്പർ മന്ത്രാലയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിബന്ധനകൾ പ്രകാരം മുൻകൂട്ടി നിശ്ചയിക്കുന്ന (ഇലക്റ്റീവ്) ശസ്ത്രക്രിയകൾ സ്പെഷ്യലിസ്റ്റ് തസ്തികയിലുള്ളവരോ അതിനു മുകളിലുള്ളവരോ ആയ ഡോക്ടർമാർ മാത്രമേ നടത്താൻ പാടുള്ളൂ. അസിസ്റ്റന്റ് (രജിസ്റ്റേർഡ്), റസിഡന്റ് ഡോക്ടർമാർക്ക് സ്വതന്ത്രമായി ശസ്ത്രക്രിയകൾ നടത്താൻ അനുമതിയുണ്ടായിരിക്കില്ല.
ഡോക്ടർമാരുടെ സ്പെഷ്യലൈസേഷൻ, ലൈസൻസ്, മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക പദവികൾ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും അവരുമായി ബന്ധപ്പെട്ട ശസ്ത്രക്രിയാധികാരങ്ങൾ നിർണ്ണയിക്കുക. ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ പൂർണ്ണ സമ്മതം (Informed Consent) വാങ്ങേണ്ടതും പങ്കാളികളാകുന്ന മെഡിക്കൽ ടീമിലെ മുഴുവൻ അംഗങ്ങളുടെയും വിവരങ്ങൾ രോഗിയെ അറിയിക്കുകയും മെഡിക്കൽ ഫയലിൽ രേഖപ്പെടുത്തുകയും വേണം. കൂടാതെ, ശസ്ത്രക്രിയയ്ക്കിടെ എന്തെങ്കിലും സങ്കീർണതകൾ നേരിട്ടാൽ പരിചയസമ്പന്നരായ മുതിർന്ന ഡോക്ടർമാരുടെ സഹായം തേടണമെന്നും, ഒരു ഡോക്ടർ ഒരേസമയം ഒന്നിലധികം ശസ്ത്രക്രിയകൾ നടത്താനോ അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഓപ്പറേഷൻ തിയേറ്റർ വിട്ടുപോകാനോ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അടിയന്തര ശസ്ത്രക്രിയകൾക്ക് മുൻഗണന നൽകുന്നതിനൊപ്പം ശസ്ത്രക്രിയാനന്തര പരിചരണവും ചികിത്സാ വിവരങ്ങളുടെ ഘടനാപരമായ രേഖപ്പെടുത്തലും നിർബന്ധമാക്കിയിട്ടുണ്ട്. മെഡിക്കൽ സങ്കീർണതകളും മരണങ്ങളും വിശകലനം ചെയ്യുന്നതിനായി എല്ലാ ശസ്ത്രക്രിയാ വിഭാഗം തലവൻമാരും മാസത്തിൽ ഒരിക്കലെങ്കിലും അവലോകന യോഗം ചേരണം. ശരീരഭാഗങ്ങൾ നീക്കം ചെയ്യൽ, ബയോപ്സി സാമ്പിളുകൾ എന്നിവയുടെ പരിശോധനാ ഫലങ്ങൾ രോഗിയെ കൃത്യമായി അറിയിക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. ചട്ടലംഘനം നടത്തുന്ന ഡോക്ടർമാരുടെ ശസ്ത്രക്രിയാ അധികാരം താൽക്കാലികമായി റദ്ദാക്കാൻ മന്ത്രാലയ അണ്ടർസെക്രട്ടറിക്ക് ഉത്തരവ് അധികാരം നൽകുന്നുണ്ട്.





More Stories
നബിദിനം : കുവൈറ്റിൽ 2026 ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു
കുവൈറ്റിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ മലയാളി യുവാവ് നിര്യാതനായി
കുവൈറ്റിൽ വാഹനം ഓഫാക്കാതെ റോഡരികിൽ നിർത്തി ഗ്രോസറിയിൽ കയറിയ ഏഷ്യൻ പ്രവാസിയുടെ കാർ മോഷണം പോയി