കുവൈറ്റ് സിറ്റി: രാജ്യത്ത് അതിശൈത്യം തുടരുന്നു. വരും ദിവസങ്ങളിൽ തണുപ്പ് കൂടുതൽ കടുക്കുമെന്നും ബുധനാഴ്ച വരെ നിലവിലെ സാഹചര്യം തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഠിനമായ തണുപ്പിനൊപ്പം വരണ്ട കാറ്റും വീശുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
താപനിലയിൽ വൻ ഇടിവ് കാലാവസ്ഥാ വിഭാഗം ആക്ടിംഗ് ഡയറക്ടർ ദ്വിരാർ അൽ അലി നൽകുന്ന വിവരങ്ങൾ പ്രകാരം, ഞായറാഴ്ച മുതൽ രാജ്യത്ത് തണുത്ത വരണ്ട വായുപ്രവാഹം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മരുഭൂമി പ്രദേശങ്ങളിൽ താപനില 3 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ കുറഞ്ഞ താപനില 1 ഡിഗ്രി മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെയും, കൂടിയ താപനില 14 മുതൽ 17 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും അനുഭവപ്പെടുക.
മഞ്ഞു വീഴ്ചയ്ക്ക് സാധ്യത ശക്തമായ തണുപ്പിനെത്തുടർന്ന് ബുധനാഴ്ച വരെ മരുഭൂമി മേഖലകളിലും കാർഷിക മേഖലകളിലും മഞ്ഞു വീഴ്ചയ്ക്ക് (Frost) സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പകൽ സമയങ്ങളിൽ തണുപ്പും രാത്രികാലങ്ങളിൽ അതിശൈത്യവുമാണ് അനുഭവപ്പെടുന്നത്. തീരപ്രദേശങ്ങളിൽ പകൽ സമയത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമായി വീശാൻ സാധ്യതയുണ്ട്. ഇത് തണുപ്പിന്റെ തീവ്രത വർദ്ധിപ്പിക്കും. എന്നാൽ രാത്രിയാകുന്നതോടെ കാറ്റിന്റെ വേഗത കുറയും.
വ്യാഴാഴ്ച മുതൽ മാറ്റം നിലവിലെ അതിശൈത്യത്തിന് വ്യാഴാഴ്ച മുതൽ നേരിയ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. വ്യാഴാഴ്ച മുതൽ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ