കുവൈറ്റ് സിറ്റി, ജൂൺ 6: സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഏർപ്പെടുത്തിയ താത്കാലിക അടച്ചിടലിന് ശേഷം കുവൈറ്റ് വ്യോമപാത വീണ്ടും തുറന്നു. വിമാന സർവീസുകൾ പൂർണ്ണമായും സാധാരണ നിലയിലായതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (DGCA) അറിയിച്ചു. ശനിയാഴ്ച പുലർച്ചെ 4:15 മുതൽ രണ്ട് മണിക്കൂർ നേരത്തേക്കായിരുന്നു രാജ്യത്ത് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
മേഖലയിലുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണ പശ്ചാത്തലത്തിൽ യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് അധികൃതർ അടിയന്തരമായി വ്യോമപാത അടക്കാൻ തീരുമാനിച്ചത്. തുടർന്ന് ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയും, നിലവിൽ അപകടസാധ്യതകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് പുലർച്ചെ 6:15 ഓടെ വ്യോമ ഗതാഗതം പുനഃസ്ഥാപിച്ചത്.
വ്യോമപാത അടച്ചിട്ട സമയത്ത് കുവൈറ്റ് എയർവേയ്‌സ്, ജസീറ എയർവേയ്‌സ് എന്നിവയുടെ 11 സർവീസുകൾ അയൽരാജ്യങ്ങളിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് അടിയന്തരമായി തിരിച്ചുവിട്ടിരുന്നു. സൗദി അറേബ്യയിലെ ദമ്മാം, റിയാദ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങൾ വ്യോമപാത തുറന്നതോടെ യാത്രക്കാരുമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വ്യോമയാന മേഖലയിലെ പ്രത്യേക പ്രോട്ടോക്കോളുകളും അടിയന്തര പദ്ധതികളും വിജയകരമായി നടപ്പിലാക്കാൻ സാധിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.





More Stories
ഇൻകാസ് കുവൈറ്റ് സ്വാതന്ത്ര്യദിനസംഗമം 2026
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടർബോസ് ബാഡ്മിന്റൺ ക്ലബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സിവിൽ ഐഡിയിൽ രജിസ്റ്റർ ചെയ്ത എല്ലാ ഫോൺ കണക്ഷനുകളും ഇനി മുതൽ ‘സഹെൽ’ ആപ്പിലൂടെ അറിയാം; പുതിയ സേവനവുമായി കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ( CITRA )