കുവൈറ്റ് സിറ്റി: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും, അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികൾ കുവൈറ്റ് മുനിസിപ്പാലിറ്റി ജലീബ് അൽ ഷുയൂഖിൽ ആരംഭിച്ചു. 67 അനധികൃതവും, ജീർണ്ണിച്ചതുമായ കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ നീക്കം ചെയ്യുന്നത്.
മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്‌ഫൂറിന്റെ മേൽനോട്ടത്തിലാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. നഗര സുരക്ഷയും, നിയമപരമായ പാലനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.
നവംബർ 4-ന് മുനിസിപ്പാലിറ്റി ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് ഒഴിയുന്നതിനായി രണ്ടാഴ്ചത്തെ അന്ത്യശാസനം നൽകിയിരുന്നു. ഏതു നിമിഷവും തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ ഈ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ജലീബ് അൽ ഷുയൂഖ് മേഖലയിൽ സുരക്ഷിതമല്ലാത്തതും, നിയമലംഘനം നടത്തി നിർമ്മിച്ചതുമായ കെട്ടിടങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമാണിത്. പ്രദേശത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, നഗര സൗന്ദര്യം വീണ്ടെടുക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി