March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അൽ-സാൽമി അതിർത്തി വഴി വൻതോതിൽ സിഗരറ്റ് കടത്താനുള്ള ശ്രമം കുവൈറ്റ് കസ്റ്റംസ് വിഫലമാക്കി

കുവൈറ്റ് : അൽ-സാൽമി അതിർത്തി വഴി വൻതോതിൽ സിഗരറ്റ് കടത്താനുള്ള ശ്രമം കുവൈറ്റ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വിഫലമാക്കി. മൈദ പാക്കുകളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റുകൾ. സംഭവവുമായി ബന്ധപ്പെട്ട് സൗദി പൗരനെ കസ്റ്റഡിയിലെടുത്തു.

രാജ്യം വിടാനുള്ള നടപടിക്രമങ്ങൾക്കിടെയാണ് സംഭവം. സൗദി പൗരൻ ഓടിച്ചിരുന്ന വാഹനത്തിലെ ചില ചാക്കുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥന് സംശയം തോന്നി. പുറമേയ്ക്ക് മൈദ നിറച്ച ചാക്കുകളായി തോന്നിയെങ്കിലും വിശദമായി പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയിൽ, ചാക്കുകൾക്കുള്ളിൽ എളുപ്പത്തിൽ കണ്ടെത്താനാവാത്ത രീതിയിൽ അറകൾ നിർമ്മിച്ച്, അതിൽ 22 കെട്ട് സിഗരറ്റുകൾ ഭദ്രമായി അടക്കം ചെയ്ത് ഒളിപ്പിച്ചതായി കണ്ടെത്തി. കള്ളക്കടത്തിനായി ചാക്കുകൾ വിദഗ്ധമായി രൂപമാറ്റം വരുത്തിയിരുന്നു.

പിടിച്ചെടുത്ത സിഗരറ്റുകൾ കസ്റ്റംസ് കണ്ടുകെട്ടുകയും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർ അന്വേഷണങ്ങൾക്കും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരെ കണ്ടെത്താനുമായി കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് കൈമാറി.

എല്ലാത്തരം കള്ളക്കടത്തുകളും തടയുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. പരിശോധനാ രീതികൾ കൂടുതൽ മെച്ചപ്പെടുത്തി നിയമലംഘകരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

error: Content is protected !!