ജോബി ബേബി എഴുതുന്നു…
പട്ടാള ക്യാമ്പിൽ നിന്ന് പല തവണ ഒളിച്ചോടിയ ഒരു പടയാളിക്ക് മരണ ശിക്ഷ വിധിച്ചുകൊണ്ട് വെല്ലിംഗ്ടൺ പ്രഭു വിധി പ്രസ്താവന നടത്തി. അമുഖമായി പ്രഭു പറഞ്ഞു, ‘ക്ഷമിക്കണം മറ്റുവഴികളോ, ശിക്ഷണ നടപടികളോ ഫലിക്കാത്തത് കൊണ്ടാണ് മരണ ശിക്ഷ കൊടുക്കുന്നത്’. എന്നാൽ പടയാളിയുടെ വക്കീലിന് വാദിക്കാനായി ഒരവസരം കൂടി പ്രഭു നൽകി. വക്കീൽ പറഞ്ഞു: ‘സർ, നിങ്ങൾ ശ്രമിച്ചു നോക്കാത്ത ഒരു മാർഗം കൂടിയുണ്ട്.’എന്താണത്? എന്ന് പ്രഭു തിരക്കി. “ആ പടയാളിയോട് ക്ഷമിക്കുക”.ബോധോദയം ലഭിച്ച പ്രഭു അതിന് സമ്മതിച്ചു. ആ പടയാളി പിന്നീടൊരിക്കലും ഒളിച്ചോടിയില്ലെന്ന് മാത്രമല്ല, വളരെ വിശ്വാസ്തനായി സേവനം ചെയ്തു. പ്രതികാരത്തിനും ശിക്ഷണ നടപടികൾക്കും അപ്പുറത്തു ക്ഷമയുടെ അനന്ത സാധ്യതയാണ് നാം ഇവിടെ കാണുന്നത്. എതിർപ്പിന്റെയും പീഡനത്തിന്റെയും നേരെ പ്രകടമാകുന്ന ദൈവദത്തമായ സംയമനമാണ് ക്ഷമ.
ക്ഷമിച്ചില്ലെങ്കിൽ അവശേഷിക്കുന്നത് പ്രതികാരമാണ്. ഇവിടെ സാധ്യതകൾ അപ്രത്യക്ഷമാകുന്നു. സ്ഥാനമാനങ്ങളും അധികാരങ്ങളും ഞാനെന്ന ഭാവവും നമ്മെകൊണ്ട് ക്ഷമ പറയിക്കില്ല. മുതിർന്നവരിൽ നിന്നാണ് കുഞ്ഞുങ്ങൾ ക്ഷമയുടെ ആദ്യപാഠങ്ങൾ പഠിക്കുന്നത്. തെറ്റുകൾ മാനുഷികമാണ്. ക്ഷമിക്കുക എന്നത് ദൈവീകവും. ക്ഷമ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരണം. വിജയകരമായ ജീവിതം നയിക്കണമെങ്കിൽ ക്ഷമയുടെ ശക്തി നാം വികസിപ്പിക്കുകയും നിലനിർത്തുകയും വേണം. വിജയകരമായ ജീവിതം നയിക്കുവാൻ നമ്മുടെ ഏറ്റവും വലിയ സംഭാവനയാണ് ക്ഷമ. സ്നേഹത്തിന്റെ അളവുകോലാണ് ക്ഷമ. നിസ്വാർത്ഥമായ സ്നേഹം കൂടാതെ ക്ഷമിക്കുവാൻ സാധ്യമല്ല. ക്ഷമ മനുഷ്യന്റെ ബുദ്ധിയെ മാത്രമല്ല ഹൃദയത്തിന്റെ വികാരങ്ങളെയും വ്യക്തിത്വത്തിന്റെ എല്ലാ തലങ്ങളേയും സ്വാധീനിക്കുന്നു. ബുദ്ധിമാൻ ക്ഷമിക്കുകയും ബന്ധങ്ങൾ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. ബുദ്ധിഹീനർ ഒരിക്കലും ക്ഷമിക്കുകയില്ലെന്ന് മാത്രമല്ല ബന്ധങ്ങളെ തകർത്തു കളയുകയും ചെയ്യുന്നു.
ഒരു സൂഫി ഗുരുവിനോട് ചോദിച്ചു. എന്താണ് ക്ഷമ? അദ്ദേഹം പറഞ്ഞു പൂക്കളെ ഞെരിച്ചു അമർത്തുമ്പോഴും അവ തിരിച്ചു നൽകുന്ന സുഗന്ധമാണ് ക്ഷമ. തെറ്റ് ആർക്കും പറ്റാം.പക്ഷേ, ക്ഷമ ചോദിക്കാൻ കഴിയണം. അതിന് മുറിവുണക്കാൻ കഴിയും. തെറ്റ് ഏറ്റുപറയുക. ആത്മാർത്ഥമായി ക്ഷമ ചോദിക്കുക. അതിൽ നിന്ന് ഊർജ്ജം നമ്മെ ഉയർത്തും.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്