November 17, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജനസാന്ദ്രം, വർണാഭം; ശ്രദ്ധേയമായി ‘കണ്ണൂർ മഹോത്സവം 2026’

കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക്) ഇരുപത്തിയൊന്നാം വാർഷികാഘോഷമായ ‘കണ്ണൂർ മഹോത്സവം 2026’ അഹമ്മദി ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ജനസാന്ദ്രമായ സദസ്സിന്റെ സാന്നിധ്യത്തിൽ വർണാഭമായി അരങ്ങേറി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വനിതാവേദി അംഗങ്ങൾ അവതരിപ്പിച്ച താലപ്പൊലിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ രവി അയ്യനോളി മഹോത്സവം ഉദ്ഘാടനം ചെയ്തു.

ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീഷിൻ എം.വി. സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ സുമേഷ് കെ.കെ. നന്ദിയും പറഞ്ഞു. ട്രഷറർ സൂരജ് കെ.വി., വനിതാവേദി ചെയർപേഴ്സൺ ശരണ്യ പ്രിയേഷ്, വനിതാവേദി ജനറൽ കൺവീനർ അമ്പിളി ബിജു, ബാലവേദി കൺവീനർ അവന്തിക മഹേഷ് എന്നിവർ സംസാരിച്ചു.

രക്ഷാധികാരി അനിൽ കേളോത്ത്, ഉപദേശകസമിതി അംഗം വിജയേഷ് കെ.വി., അൽമുള്ള എക്സ്ചേഞ്ച് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ ശിവ ഗണേഷ്, അഹ്മദ് അൽ മഗ്‌രിബി കൺട്രി ഹെഡ് മൻസൂർ ചൂരി, Q8iAS അക്കാദമി ഫാക്കൽറ്റി ഗോകുൽ, ടി.വി.എസ്. ഹൈദർ ഗ്രൂപ്പ് ചെയർമാൻ ഡോ. എസ്.എം. ഹൈദർ അലി, മെട്രോ ഹൈപ്പർമാർക്കറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ നാസർ വാഴവളപ്പിൽ, ആരാധന ജ്വല്ലറി മാനേജിങ് ഡയറക്ടർ ജി.വി. മോഹനൻ, യമാമ ഫുഡ്സ് കൺട്രി ഹെഡ് സുരേഷ് കുമാർ, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ എന്നിവർ ആശംസകൾ നേർന്നു.

പരിസ്ഥിതി സംരക്ഷണ രംഗത്തെ മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ച് ഏർപ്പെടുത്തിയ പത്തൊൻപതാമത് ഗോൾഡൻ ഫോക്ക് പുരസ്കാരം കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ടി.പി. പദ്മനാഭൻ മാസ്റ്റർക്ക് സമ്മാനിച്ചു. ശില്പി കെ.കെ.ആർ. വേങ്ങര രൂപകൽപന ചെയ്ത ശില്പം ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസും പ്രശസ്തിപത്രം ജനറൽ സെക്രട്ടറി ശ്രീഷിൻ എം.വി.യും 25,000 രൂപയുടെ ക്യാഷ് അവാർഡ് ട്രഷറർ സൂരജ് കെ.വി.യും കൈമാറി. പന്ത്രണ്ടാം ക്ലാസിൽ ഉന്നത വിജയം നേടിയ സംഘടനാംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. വിവിധ സ്പോൺസർമാരെയും ആദരിച്ചു.

ഫോക്കിന്റെ പ്രവർത്തനങ്ങളും സംഘടനയുടെ വളർച്ചയുടെ നാൾവഴികളും അടയാളപ്പെടുത്തുന്ന ‘സറ്റോയാമ’ എന്ന സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. സംഘടനയുടെ ഇരുപത്തിയൊന്ന് വർഷത്തെ പ്രവർത്തനചരിത്രം ഉൾക്കൊള്ളുന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. തുടർന്ന് വനിതാവേദിയും ബാലവേദിയും സംയുക്തമായി അവതരിപ്പിച്ച നൃത്തസന്ധ്യ കാണികൾക്ക് നയനമനോഹരമായ അനുഭവമായി. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ നജിം അർഷാദിനൊപ്പം നന്ദ ജയദേവൻ, വിഷ്ണു വർധൻ, രേഷ്മ രാഘവേന്ദ്ര എന്നിവർ അണിനിരന്ന സംഗീതവിരുന്ന് നിറഞ്ഞ സദസ്സിനെ ആവേശത്തിലാഴ്ത്തി. കലാ-സാംസ്കാരിക പരിപാടികളും പുരസ്കാരവിതരണവും സംഘടനയുടെ പ്രവർത്തനചരിത്രത്തിന്റെ അവതരണവും ഒത്തുചേർന്ന ‘കണ്ണൂർ മഹോത്സവം 2026’, കുവൈത്തിലെ കണ്ണൂർ പ്രവാസികളുടെ കൂട്ടായ്മയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ഉജ്ജ്വല ആഘോഷമായി മാറി.

error: Content is protected !!