കുവൈത്ത് സിറ്റി: പ്രവാസികളുടെ മനസ്സിൽ സ്നേഹത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പരത്തി ഇൻകാസ് കുവൈത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഓണപെരുമ 2026′ ആഘോഷം വർണ്ണാഭമായ ചടങ്ങുകളോടെ വൻ വിജയമായി മാറി. കുവൈത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വേരുകൾ സമൂഹത്തിൽ എത്രത്തോളം ആഴത്തിലുള്ളതാണെന്നും, കേരളത്തിലെയും കേന്ദ്രത്തിലെയും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചുകൊണ്ട് നടന്ന ഈ സമ്മേളനം പ്രവാസലോകത്തിന് പുതിയൊരു അനുഭവമായി മാറുകയായിരുന്നു. പ്രവാസികളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ഇൻകാസ് കുവൈത്തിന്റെ പ്രവർത്തനങ്ങളെ ചടങ്ങിൽ സംബന്ധിച്ച നേതാക്കൾ പ്രശംസിക്കുകയും, മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. നാടിന്റെ നന്മയും പ്രവാസി കൂട്ടായ്മയുടെ കരുത്തും വിളിച്ചോതിയ ‘ഓണപെരുമ 2026’ കുവൈറ്റ് പ്രവാസ ചരിത്രത്തിലെ തിളക്കമാർന്ന ഏടുകളിലൊന്നായി മാറി.
ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലേമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ, കോൺഗ്രസിന്റെ കരുത്തനായ നേതാവും പൂഞ്ഞാർ എം.എൽ.എയുമായ എം. ജെ. സെബാസ്റ്റ്യൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. വിശിഷ്ടാതിഥിയായി എത്തിയ കുന്നത്തൂർ എം.എൽ.എയും ആർ.എസ്.പി. നേതാവുമായ ഉല്ലാസ് കോവൂർ മുഖ്യപ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ കലാവിരുന്ന് പാട്ടിലൂടെയും കവിതകളിലൂടെയും സദസ്സിനെ ആവേശത്തിലാക്കി. കുവൈറ്റ് പ്രവാസികളുടെ കേരളവുമായുള്ള ബന്ധത്തെയും നാടിന്റെ വികസന സാധ്യതകളെയും കുറിച്ച് എം. ജെ. സെബാസ്റ്റ്യൻ എം.എൽ.എ സംസാരിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത്, റ്റി. വി. എസ് കാർഗോ & ട്രാവൽസ് മാനേജിങ് ഡയറക്ടർ Dr. എം. എസ്. ഹൈദർ അലി, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, പ്രോഗ്രാം കൺവീനർ ജെയിംസ് വി. കൊട്ടാരം, മീഡിയ കൺവീനർ മധു മാഹി, വനിതാ കൺവീനർ സാറാമ്മ ജോൺസ്, യൂത്ത് വിംഗ് കൺവീനർ ഒസാമ വാഹിദ്, പ്രോഗ്രാം ജോയിന്റ് കൺവീനർ ബിജു അലക്സാണ്ടർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി അനൂപ് സ്വാഗതവും ട്രഷറർ അലക്സ് മാത്യു പുത്തൂർ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരങ്ങൾ ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ, ഷെറിൻ മാത്യു കൊട്ടാരം, തമ്പി ലൂക്കോസ് എന്നിവർ ചേർന്ന് കൈമാറി. ജില്ലാ കൺവീനർമാർ വിശിഷ്ടാതിഥികളെയും മറ്റുള്ളവരെയും ഷാൾ അണിയിച്ച് ആദരിച്ചു. കൂടാതെ, ചടങ്ങിന് പിന്തുണ നൽകിയ സ്പോൺസർമാർക്കുള്ള മൊമെന്റോകളും വേദിയിൽ വച്ച് കൈമാറുകയുണ്ടായി. ഇൻകാസ് കുവൈത്തിലേക്ക് അംഗത്വം സ്വീകരിക്കാൻ തയ്യാറായി വന്ന അനേകം പേർക്ക് തദവസരത്തിൽ പൂഞ്ഞാർ എം.എൽ.എ അംഗത്വം നൽകി.
കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ രാവിലെ പത്തരയോടെ ഈശ്വര പ്രാർത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങുകൾ ഒത്തുകൂടിയ ജനസഹസ്രങ്ങളെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിച്ചു. കേരളത്തിന്റെ തനതു കലാരൂപങ്ങളായ നാടൻപാട്ടുകൾ, സിനിമാ ഗാനങ്ങൾ, ഫ്യൂഷൻ മ്യൂസിക്, നാടോടി നൃത്തങ്ങൾ, മനോഹരമായ ചുവടുകൾ, ഇൻസ്‌ട്രുമെന്റൽ മ്യൂസിക്, റോക്ക് ഡാൻസ്, തിരുവാതിര എന്നിവയോടൊപ്പം മഹാബലിയുടെ പ്രൗഢഗംഭീരമായ വരവും ആഘോഷത്തിന് മാറ്റുകൂട്ടി. പൗർണ്ണമി സംഗീതും ആൻസി സോണിയും സ്റ്റേജിൽ പരിപാടികളെ നിയന്ത്രിച്ച് മികവുറ്റതാക്കി. എല്ലാവിധ പ്രതിസന്ധികളെയും തട്ടിമാറ്റി ഇൻകാസ് പ്രവർത്തകരും അവരുടെ കുടുംബങ്ങളും ഒറ്റക്കെട്ടായി നിന്ന് ഈ മഹാസംഗമം വൻ വിജയമാക്കി മാറ്റുകയായിരുന്നു. ചടങ്ങിന്റെ ഭാഗമായി എല്ലാവർക്കും മനോഹരമായ ഓണസദ്യയും ഒരുക്കിയിരുന്നു.
പരിപാടികൾക്ക് ഷിജു ഓതറ, ജെറി ജോൺ കോശി, അലക്സ് മാനന്തവാടി, ബിജി പള്ളിക്കൽ, അനിൽ വള്ളികുന്നം, റോമാനസ് പെയ്റ്റൻ, ബെൽജു ബെൻ, ലിബി ഇടുക്കി, സുനിൽ ജിത്ത് മണ്ണാർകാട്, ജോൺ തോമസ് കൊല്ലകടവ്, ഷിബു തയ്യിൽ കുമരകം, നവീൻ ജോസ്, വിജയ ലക്ഷ്മി, സുമിത് സൈമൺ, ലീൻ ഔസേപ്പ്, ടോം തിരുവനന്തപുരം, കൃഷ്ണ പ്രസാദ്, എബി വയനാട്, ജിജി നൈനാൻ, ശശി വലിയകുളങ്ങര, ബിജു ദാനിയേൽ, അജു ആൽബർട്ട്, സോഷി സോമൻ, രഞ്ചു ഗീവർഗീസ്, വിനേഷ് ജോർജ് വയനാട് എന്നിവർ നേതൃത്വം നൽകി.





More Stories
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജുമായി ഐബിപിസി കുവൈത്ത് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി
ഉമ്മർ മാട്ടുവയിലിന് കുവൈത്ത് എലത്തൂർ അസോസിയേഷൻ യാത്രയയപ്പ് നൽകി
കുവൈറ്റിൽ നായ്ക്കളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള കർശ്ശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം