കുവൈറ്റ് സിറ്റി: വരും ദിവസങ്ങളിൽ കുവൈറ്റിൽ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന ഈ പ്രതിഭാസം വ്യാഴാഴ്ച അതിരാവിലെ മുതൽ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ചില പ്രദേശങ്ങളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആക്ടിംഗ് ഡയറക്ടർ ളിറാർ അൽ-അലി അറിയിച്ചതനുസരിച്ച്, വ്യാഴാഴ്ച രാത്രി വരെ അസ്ഥിരമായ കാലാവസ്ഥ തുടരും. ആകാശത്ത് കാർമേഘങ്ങൾ നിറഞ്ഞുനിൽക്കാനും ചിലയിടങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ ഏഴ് അടിയിലധികം ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽതീരത്ത് എത്തുന്നവരും ജാഗ്രത പാലിക്കണം.
ബുധനാഴ്ച രാത്രി ആരംഭിക്കുന്ന മഴ വെള്ളിയാഴ്ച ഉച്ചവരെ തുടർന്നേക്കാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്നും അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ