കുവൈറ്റ് സിറ്റി: പ്രമുഖ ഡെലിവറി-ഷിപ്പിംഗ് കമ്പനികളുടെ പേരുകളിൽ വ്യാജ സന്ദേശങ്ങൾ അയച്ച് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ഐഫോൺ ഉപയോക്താക്കൾക്ക് കുവൈറ്റ് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) ജാഗ്രതാ നിർദേശം നൽകി. ആപ്പിളിന്റെ ‘ഐമെസേജ്’ (iMessage) സേവനം ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ പ്രധാനമായും ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്.
ലഭിക്കാനുള്ള പാഴ്സലുകളുടെ വിലാസം തിരുത്താനോ, ഡെലിവറി ചാർജുകൾ അടയ്ക്കാനോ ആവശ്യപ്പെട്ട് സംശയാസ്പദമായ ലിങ്കുകൾ അടങ്ങിയ സന്ദേശങ്ങളാണ് ഉപയോക്താക്കൾക്ക് അയക്കുന്നത്. ഇത്തരം വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, ബാങ്ക് അക്കൗണ്ട് വിവരങ്ങളോ വ്യക്തിഗത വിവരങ്ങളോ ഒരുകാരണവശാലും കൈമാറരുതെന്നും അതോറിറ്റി കശനമായി മുന്നറിയിപ്പ് നൽകി. ഡെലിവറി സംബന്ധമായ വിവരങ്ങളും പണമിടപാടുകളും ബന്ധപ്പെട്ട കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയോ ആപ്പുകൾ വഴിയോ മാത്രം പരിശോധിക്കേണ്ടതാണ്.
സംശയാസ്പദമായ രീതിയിൽ ലഭിക്കുന്ന സന്ദേശങ്ങൾ ഉടൻ തന്നെ ഡിലീറ്റ് ചെയ്യാനും ‘അൺവാണ്ടഡ്’ (Spam) ആയി റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. സാമ്പത്തിക വിവരങ്ങളും രഹസ്യവിവരങ്ങളും ചോർത്തുന്നതിനായി തട്ടിപ്പുകാർ ഓൺലൈൻ ഡെലിവറി സന്ദേശങ്ങളെ മറയാക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഈ മുൻകരുതൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.





More Stories
മന്ത്രാലയത്തിലെ ഔദ്യോഗിക വാഹനങ്ങളിലെ ഗതാഗത നിയമലംഘനം : ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാൻ നടപടിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ; സിവിൽ ഐഡിയുമായി ബന്ധിപ്പിക്കും
കല (ആർട്ട്) കുവൈറ്റ് “നിറം 2026” ശിശുദിന ചിത്രരചനാ മത്സരം 2026 നവംബർ 13 വെള്ളിയാഴ്ച.
തിരുവല്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു