കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്ത് ഭരണകൂടത്തിൻ്റെയും പ്രവാസി സമൂഹത്തിൻ്റെയും ഊഷ്മളമായ സ്വീകരണം. സന്ദർശനത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹാദ് യൂസഫ് സൗദ് അൽ സബാഹുമായി അൽ ബയാൻ പാലസിൽ വെച്ച് ഉന്നതതല ചർച്ചകൾ നടത്തി.
കുവൈത്ത് ധനകാര്യ മന്ത്രിയും കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (കെ.ഐ.എ.) ചെയർമാനുമായ ഡോ. സബീഹ് അൽ മുഖൈസീമും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. കുവൈത്തിൻ്റെ പുനർനിർമ്മാണത്തിലും വികസനത്തിലും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം നൽകുന്ന സുപ്രധാനമായ സംഭാവനകളെ ഷെയ്ഖ് ഫഹാദ് പ്രത്യേകം പ്രശംസിച്ചു. കേരളീയ സമൂഹത്തിന് കുവൈത്ത് ഭരണകൂടം നൽകുന്ന സഹകരണത്തിനും പിന്തുണയ്ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
നിക്ഷേപ സാധ്യതകൾക്ക് കുവൈത്ത് പ്രതിനിധി സംഘം കേരളത്തിലേക്ക്
കേരളത്തിൻ്റെ വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിക്ഷേപം നടത്തുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് അദ്ദേഹം കുവൈത്ത് നേതൃത്വത്തെ അറിയിച്ചു.
കൂടിക്കാഴ്ചയെ തുടർന്ന് കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം ഷെയ്ഖ് മിഷാൽ ജാബർ അൽ അഹ്മദ് അൽ സബാഹുമായും മുഖ്യമന്ത്രി ചർച്ചകൾ നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകൾ നേരിട്ട് വിലയിരുത്തുന്നതിനായി കുവൈത്തിൽ നിന്നുള്ള ഒരു ഉന്നതതല പ്രതിനിധി സംഘം ഉടൻ കേരളം സന്ദർശിക്കുമെന്ന് ഷെയ്ഖ് മിഷാൽ മുഖ്യമന്ത്രിയെ അറിയിച്ചു.
ബിഎൻകെ ഹോൾഡിംഗ് ചെയർമാൻ ബദർ നാസർ അൽ-ഖറാഫി, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എംഎ യൂസഫ് അലി, ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് സഞ്ജയ് കെ മുലുക്ക എന്നിവർ യോഗത്തിൽ പങ്കെടുത്തു , സന്ദർശനത്തിൻ്റെ ഭാഗമായി മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ മുഖ്യമന്ത്രി പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി