കുവൈറ്റ് സിറ്റി: തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകാത്ത സ്വകാര്യ കമ്പനികൾക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്നും ഇത്തരം സ്ഥാപനങ്ങളുടെ ഫയലുകൾ പൂർണ്ണമായി അടച്ചുപൂട്ടുമെന്നും കുവൈത്ത് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് മുന്നറിയിപ്പ് നൽകി. തൊഴിൽ ചൂഷണം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, തൊഴിലാളികളുടെ അവകാശ ലംഘനം എന്നിവയോട് കുവൈത്ത് സർക്കാർ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ചോളം തൊഴിലാളികൾ വീതം ജോലി ചെയ്യുന്ന പതിനായിരത്തോളം കമ്പനികൾ വിദേശികളായ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം നൽകുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
“വേതന ശേഖരണ സംവിധാനം: തൊഴിലാളികൾക്ക് സംരക്ഷണം, നിയമവിധേയമായ വിപണി” എന്ന പ്രമേയത്തിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറും (പി.എ.എം.) കമ്പനി ഉടമകളും പങ്കെടുത്ത രണ്ടാം യോഗത്തിലാണ് മന്ത്രി ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. സ്വകാര്യ മേഖലയിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ മാസവും 20-ാം തീയതിക്ക് മുൻപായി ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യണമെന്ന് മന്ത്രി ഉത്തരവിട്ടു. സ്ഥാപന ഉടമകളുടെ പദവിയോ സ്വാധീനമോ നോക്കാതെ എല്ലാവർക്കും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും നിയമലംഘനം നടത്തുന്നവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെലിവറി ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കും
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 300 ഡെലിവറി ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തിൽ മന്ത്രി കടുത്ത ആശങ്ക രേഖപ്പെടുത്തി. നിസ്സാരമായ നിയമലംഘനങ്ങൾ ആരോപിച്ചുകൊണ്ട് തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് അംഗീകരിക്കാനാകില്ല. ഡെലിവറി ഡ്രൈവർമാരെ പ്രതിദിനം 18 മണിക്കൂർ വരെ റോഡിലിറക്കി പണിയിക്കുന്ന രീതി അവസാനിപ്പിക്കണം. സ്വദേശങ്ങളിൽ നിന്ന് ഡ്രൈവിംഗ് പരിശീലനം ലഭിച്ചവരെ മുൻഗണനാടിസ്ഥാനത്തിൽ ജോലിക്ക് ഉപയോഗിക്കണം. വിദേശ തൊഴിലാളികളുടെ ജീവിതാവസ്ഥ കണക്കിലെടുത്ത് അവരോട് കരുണ കാണിക്കണമെന്നും, നിയമപരവും സാമ്പത്തികവുമായ ബാധ്യതകൾ കൃത്യമായി നിറവേറ്റണമെന്നും ബിസിനസ്സ് ഉടമകളോട് ഷെയ്ഖ് ഫഹദ് അഭ്യർത്ഥിച്ചു.
വ്യാജ ശമ്പള റെക്കോർഡുകൾക്കെതിരെ നടപടി
സ്ഥാപനങ്ങൾ സമർപ്പിക്കുന്ന ഔദ്യോഗിക രേഖകളിലെ ശമ്പളവും തൊഴിലാളികൾക്ക് ലഭിക്കുന്ന യഥാർത്ഥ തുകയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പി.എ.എം.) ഡയറക്ടർ ജനറൽ എഞ്ചി. റബാബ് അൽ ഉസൈമി വ്യക്തമാക്കി. പ്രതിമാസം 3,000 ദിനാർ ശമ്പളം രേഖപ്പെടുത്തിയ കുവൈത്ത് പൗരന് യഥാർത്ഥത്തിൽ 180 ദിനാർ മാത്രം നൽകിയ സംഭവം മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള വ്യാജ ശമ്പള രജിസ്ട്രേഷനുകൾ തടയാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തുമായി ചേർന്ന് പി.എ.എം. കർശന പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടാതെ, ആർട്ടിക്കിൾ 20 ലുള്ള ഗാർഹിക തൊഴിലാളികളുടെ വിസ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നത് പുനരാരംഭിക്കുന്ന കാര്യം സർക്കാറിന്റെ പരിഗണനയിലാണെന്നും എന്നാൽ ഇതുവരെ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും യോഗത്തിൽ വ്യക്തമാക്കി.
ശമ്പളം നൽകാത്തതിനെ തുടർന്ന് 2026 ജൂൺ വരെ 8,849 കമ്പനികളുടെ ഫയലുകളാണ് പി.എ.എം. സസ്പെൻഡ് ചെയ്തത്. (5-ൽ കൂടുതൽ തൊഴിലാളികളുള്ള ആകെ 48,408 കമ്പനികളുടെ 18.3 ശതമാനമാണിത്).
കർശന പരിശോധനകളെ തുടർന്ന് വിപണിയിലെ ശമ്പള വിതരണ compliance നിരക്ക് 2025 ജൂലൈയിലെ 38.7 ശതമാനത്തിൽ നിന്ന് 2026 ജൂലൈയിൽ 75.6 ശതമാനമായി ഉയർന്നു (36.9 ശതമാനത്തിന്റെ വർദ്ധനവ്).
2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 93,865 അപേക്ഷകളാണ് സിസ്റ്റം വഴി സമർപ്പിച്ചത് (2025-ൽ ഇതേ കാലയളവിൽ 31,757 അപേക്ഷകൾ മാത്രം – 195.6% വർദ്ധനവ്). ഇതിൽ 93,852 അപേക്ഷകളും അധികൃതർ അംഗീകരിച്ചു.





More Stories
നഴ്സുമാർക്കായി വിവിധ മേഖലകളിൽ താമസസൗകര്യങ്ങൾ നിർമ്മിക്കാനൊരുങ്ങി കുവൈറ്റ് : ടെൻഡർ നടപടികൾ പുരോഗമിക്കുന്നു
വൈ. എം. സി. എ കുവൈത്ത് 11-ാമത് എക്യുമെനിക്കൽ ബൈബിൾ ക്വിസ് സംഘടിപ്പിച്ചു; കുവൈത്ത് സിറ്റി മാർത്തോമ്മാ ചർച്ച് വിജയികൾ
ഇൻഫോക് ഹവല്ലി റീജിയൻ പുരുഷ–വനിതാ ക്രിക്കറ്റ് ടീമുകളുടെ ജേഴ്സി പ്രകാശനം ചെയ്തു