August 17, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

സൗന്ദര്യവർദ്ധക സർജറികൾക്കും , ചികിത്സകൾക്കും കർശ്ശന നിയന്ത്രണങ്ങളുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: രാജ്യത്തെ പൊതു-സ്വകാര്യ ആരോഗ്യ മേഖലകളിൽ നടത്തുന്ന കോസ്മെറ്റിക് സർജറികൾക്കും സൗന്ദര്യവർദ്ധക ചികിത്സകൾക്കും കർശന നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഏർപ്പെടുത്തി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ച 2026-ലെ 232-ാം നമ്പർ മന്ത്രിതല ഉത്തരവിലൂടെയാണ് പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വന്നത്. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ചികിത്സാരംഗത്തെ പ്രൊഫഷണലിസവും മെഡിക്കൽ ധാർമ്മികതയും നിലനിർത്തുന്നതിനുമാണ് പുതിയ നയം നടപ്പിലാക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം, പ്ലാസ്റ്റിക് സർജറി, ഡെർമറ്റോളജി, ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി തുടങ്ങിയ അതത് മേഖലകളിൽ ബോർഡ് സർട്ടിഫിക്കേഷനോ തുല്യ യോഗ്യതയോ ഉള്ള സ്പെഷ്യലിസ്റ്റ്, സീനിയർ സ്പെഷ്യലിസ്റ്റ്, കൺസൾട്ടന്റ് ഡോക്ടർമാർക്ക് മാത്രമേ നിർദ്ദിഷ്ട കോസ്മെറ്റിക് ചികിത്സകൾ നടത്താൻ അനുമതിയുള്ളൂ. കൂടുതൽ സങ്കീർണ്ണമായ അഡ്വാൻസ്ഡ് ചികിത്സകൾ നടത്തുന്നതിന് കുറഞ്ഞത് 12 മാസത്തെ അംഗീകൃത ഫെലോഷിപ്പും അല്ലെങ്കിൽ അതത് മേഖലയിൽ അഞ്ച് വർഷത്തെ പ്രവർത്തിപരിചയവും നിർബന്ധമാക്കിയിട്ടുണ്ട്.

ലൈപോസക്ഷൻ (കൊഴുപ്പ് നീക്കം ചെയ്യൽ) നടപടിക്രമങ്ങളിൽ മന്ത്രാലയം കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ശരീരഭാര സൂചിക (BMI) 35-ന് മുകളിലുള്ളവർക്ക് പൂർണ്ണമായും സൗന്ദര്യവർദ്ധക ആവശ്യങ്ങൾക്കായുള്ള സർജറികൾ ചെയ്യുന്നത് വിലക്കി. ഡേ-കെയർ സർജറി സെന്ററുകളിൽ പരമാവധി 5 ലിറ്റർ വരെ കൊഴുപ്പ് മാത്രമേ നീക്കം ചെയ്യാൻ പാടുള്ളൂ. ഇതിൽ കൂടുതൽ കൊഴുപ്പ് നീക്കം ചെയ്യേണ്ടി വന്നാൽ രോഗിയെ കുറഞ്ഞത് 24 മണിക്കൂർ ആശുപത്രിയിൽ കിടത്തി നിരീക്ഷിക്കണം. കൂടാതെ, നീക്കം ചെയ്യുന്ന കൊഴുപ്പിന്റെ അളവ് രോഗിയുടെ വസ്ത്രരഹിതമായ ശരീരഭാരത്തിന്റെ 8 ശതമാനത്തിൽ കൂടരുത്.

മാനസികാരോഗ്യ വെല്ലുവിളികളോ ബോഡി ഡിസ്മോർഫിക് ഡിസോർഡർ, വിഷാദരോഗം തുടങ്ങിയ പ്രയാസങ്ങളോ ഉള്ള രോഗികൾക്ക് സർജറി നടത്തുന്നതിന് മുൻപ്, ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സീനിയർ സൈക്യാട്രിസ്റ്റിൽ നിന്നുള്ള റിപ്പോർട്ട് നിർബന്ധമാണ്. മൂന്ന് മാസത്തിനുള്ളിൽ എടുത്ത ഈ റിപ്പോർട്ടിൽ രോഗി ചികിത്സയ്ക്ക് മാനസികമായി പ്രാപ്തനാണെന്ന് സാക്ഷ്യപ്പെടുത്തണം. നഴ്സിംഗ് ജീവനക്കാർ നടത്തുന്ന ലേസർ ചികിത്സകൾക്ക് മുൻപ് ഡോക്ടറുടെ മുൻകൂട്ടിയുള്ള പരിശോധനയും അനുമതിയും നിർബന്ധമാക്കിയിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം ഉണ്ടാകുന്ന പാർശ്വഫലങ്ങൾക്കും സങ്കീർണ്ണതകൾക്കും സർജറി ചെയ്ത ഡോക്ടർക്കും സ്ഥാപനത്തിനും പൂർണ്ണ ഉത്തരവാദിത്തമുണ്ടായിരിക്കും.

error: Content is protected !!