June 30, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വർദ്ധിപ്പിച്ച ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലർ സേവന നിരക്കുകൾ കുവൈറ്റിൽ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാകുന്ന പാസ്‌പോർട്ട്, മറ്റ് അനുബന്ധ കോൺസുലർ സേവനങ്ങൾ എന്നിവയുടെ അപേക്ഷാ നിരക്കുകൾ ഭാരത സർക്കാർ വർദ്ധിപ്പിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനം ജി.എസ്.ആർ. 516(ഇ) (G.S.R. 516(E)) അനുസരിച്ചുള്ള ഈ പരിഷ്കരിച്ച നിരക്കുകൾ 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. സാധാരണ പാസ്‌പോർട്ടുകൾ, ജംബോ പാസ്‌പോർട്ടുകൾ, പാസ്‌പോർട്ട് പുതുക്കൽ (Re-issue), നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തവയ്ക്ക് പകരമുള്ള പാസ്‌പോർട്ടുകൾ, എമർജൻസി സർട്ടിഫിക്കറ്റുകൾ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി), സറണ്ടർ സർട്ടിഫിക്കറ്റ്, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി), എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അടിസ്ഥാനമാക്കിയുള്ള ജനന സർട്ടിഫിക്കറ്റുകൾ, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ തുടങ്ങി വിവിധ കോൺസുലർ സേവനങ്ങൾക്ക് ഈ നിരക്കുവർദ്ധനവ് ബാധകമായിരിക്കും.

പുതുക്കിയ ഫീസ് ഘടന പ്രകാരം, സാധാരണ 36 പേജുള്ള പുതിയ പാസ്‌പോർട്ടിനും പുതുക്കലിനുമുള്ള നിരക്ക് നിലവിലെ 23 കുവൈറ്റ് ദിനാറിൽ (KD) നിന്ന് 38 ദിനാറായി വർദ്ധിപ്പിച്ചു. തത്കാൽ പാസ്‌പോർട്ടിന്റെ നിരക്ക് 68 ദിനാറിൽ നിന്ന് 76 ദിനാറാക്കി ഉയർത്തിയിട്ടുണ്ട്. നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത 36 പേജുള്ള പാസ്‌പോർട്ടിന് പകരമായി പുതിയത് ലഭിക്കുന്നതിന് ഇനി മുതൽ 46 ദിനാറിന് പകരം 65 ദിനാറും, ഇതേ സേവനം തത്കാൽ വഴി ലഭിക്കുന്നതിന് 91 ദിനാറിന് പകരം 103 ദിനാറും നൽകേണ്ടിവരും. പുതുതായി ജനിച്ച കുട്ടികൾ ഉൾപ്പെടെ 8 വയസ്സുവരെയുള്ള മൈനർമാർക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ടിനുള്ള നിരക്ക് 15 ദിനാറിൽ നിന്ന് 26 ദിനാറായി പുതുക്കി. ആദ്യമായി പാസ്‌പോർട്ട് അപേക്ഷ സമർപ്പിക്കുന്ന കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും നിശ്ചിത 10 ശതമാനം ഇളവ് തുടർന്നും ലഭിക്കുമെങ്കിലും പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള (Re-issue) അപേക്ഷകൾക്ക് ഈ ആനുകൂല്യം ലഭ്യമായിരിക്കില്ലെന്ന് എംബസി വ്യക്തമാക്കി.

ഇതോടൊപ്പം സാധാരണക്കാർക്ക് ഏറെ ആവശ്യമുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി), നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്, എൻ.ആർ.ഐ സ്റ്റാറ്റസ് സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട് അടിസ്ഥാനമാക്കിയുള്ള ജനന സർട്ടിഫിക്കറ്റ് എന്നിവയുടെ ഫീസ് 8 ദിനാറിൽ നിന്ന് 13 ദിനാറായി ഉയർത്തിയിട്ടുണ്ട്. സറണ്ടർ സർട്ടിഫിക്കറ്റിന്റെ നിരക്കും 8 കെ.ഡിയിൽ നിന്ന് 13 കെ.ഡിയായി വർദ്ധിച്ചു. അതേസമയം, അടിയന്തിര സാഹചര്യങ്ങളിൽ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള എമർജൻസി സർട്ടിഫിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ 5 ദിനാറായി തന്നെ തുടരും. നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് സംശയങ്ങളുള്ളവർക്ക് കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ കോൺസുലർ, പാസ്‌പോർട്ട് വിഭാഗവുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു.

error: Content is protected !!