June 22, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിലെ സർക്കാർ ആശുപത്രികളിൽ ‘നിശബ്ദ സമയം’ നടപ്പിലാക്കി ; രോഗികളെ സന്ദർശ്ശിക്കുന്നതിനും കൂട്ടിരിക്കുന്നതിനും പുതിയ നിയന്ത്രണങ്ങൾ

കുവൈറ്റ് സിറ്റി, ജൂൺ 20: കുവൈറ്റിലെ സർക്കാർ ആശുപത്രികളിലും പ്രത്യേക ചികിൽസാ കേന്ദ്രങ്ങളിലും രോഗികളുടെ സന്ദർശകർക്കും കൂട്ടിരിപ്പുകാർക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. രോഗികൾക്ക് വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആശുപത്രികളിൽ ‘നിശബ്ദ സമയം’ (Quiet Hours) നടപ്പിലാക്കുമെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഡോ. സൽമാൻ അൽ ഖലീഫ അറിയിച്ചു.

ആഗോള ആരോഗ്യ ചട്ടങ്ങൾക്കും മികച്ച പരിചരണ മാതൃകകൾക്കും അനുസൃതമായി രോഗികളുടെ മെഡിക്കൽ, മാനസിക, സാമൂഹിക ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ പരിഷ്കാരം. പുതിയ തീരുമാനത്തിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

എല്ലാ ദിവസവും രാത്രി 10:00 മണി മുതൽ രാവിലെ 6:00 മണി വരെയാണ് ആശുപത്രി വാർഡുകളിൽ നിശബ്ദ സമയമായി നിശ്ചയിച്ചിരിക്കുന്നത്. ഈ സമയത്ത് രോഗികൾക്ക് തടസ്സമില്ലാതെ വിശ്രമിക്കാനും ഉറങ്ങാനും സാധിക്കുന്ന രീതിയിൽ നഴ്സിംഗ് പരിചരണങ്ങളും ചികിൽസകളും ക്രമീകരിക്കും. അടിയന്തിരമല്ലാത്ത പരിശോധനകളും മരുന്ന് നൽകലും ഈ എട്ട് മണിക്കൂറിൽ ഒഴിവാക്കും. മെഡിക്കൽ, നഴ്സിംഗ് ജീവനക്കാർക്ക് പുറമെ ക്ലീനിംഗ്, ഭക്ഷണം, മെയിന്റനൻസ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാർക്കും ഈ നിശബ്ദത പാലിക്കൽ ബാധകമായിരിക്കും. എന്നാൽ തീവ്രപരിചരണ വിഭാഗം (ICU), അടിയന്തിര വിഭാഗം (Emergency Department) എന്നിവയെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിലെ മെഡിക്കൽ പരിചരണത്തെ ഈ തീരുമാനം ഒരു തരത്തിലും ബാധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതുക്കിയ സന്ദർശന സമയം

ആശുപത്രികളിൽ സന്ദർശകർക്കായി കൂടുതൽ വ്യക്തതയുള്ളതും ലളിതവുമായ സമയക്രമം പ്രഖ്യാപിച്ചു. ദിവസേന ഉച്ചയ്ക്ക് ശേഷം 3:00 മണി മുതൽ രാത്രി 8:00 മണി വരെയാണ് (ആകെ 5 മണിക്കൂർ) പൊതുവായ സന്ദർശന സമയം. എന്നാൽ ഔദ്യോഗിക അവധി ദിവസങ്ങളിൽ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെ അധികമായി സന്ദർശകരെ അനുവദിക്കും. വിശുദ്ധ റമദാൻ മാസത്തിൽ സന്ദർശന സമയം രാത്രി 9:00 മണി വരെ നീട്ടി നൽകും. രോഗിക്ക് ആവശ്യമായ സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം അണുബാധ നിയന്ത്രിക്കുന്നതിനുമായി ഒരു സമയത്ത് പ്രവേശിക്കാവുന്ന സന്ദർശകരുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിട്ടുണ്ട്.

കൂട്ടിരിപ്പുകാർക്കുള്ള നിബന്ധനകൾ

രോഗികൾക്ക് മാനുഷിക പരിഗണന നൽകിക്കൊണ്ട് ഒരു കൂട്ടിരിപ്പുകാരനെ (Bystander) മാത്രമേ വാർഡുകളിൽ അനുവദിക്കുകയുള്ളൂ. കൂട്ടിരിപ്പുകാരൻ രോഗിയുടെ അതേ ലിംഗത്തിൽപ്പെട്ട ആളായിരിക്കണം (സ്ത്രീ രോഗികൾക്ക് സ്ത്രീകളും പുരുഷ രോഗികൾക്ക് പുരുഷന്മാരും). എന്നാൽ മാനുഷികവും സാമൂഹികവുമായ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ലിംഗ വ്യവസ്ഥയിൽ ഇളവ് വരുത്താൻ അതത് മെഡിക്കൽ ബോർഡ് മേധാവിമാർക്ക് പ്രത്യേക അധികാരമുണ്ടായിരിക്കും.

രോഗീകേന്ദ്രീകൃതമായ മികച്ച പരിചരണം ഉറപ്പാക്കാനും കൂടുതൽ സുരക്ഷിതവും സ്വകാര്യതയുള്ളതുമായ ചികിൽസാ അന്തരീക്ഷം ഒരുക്കാനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ഗുണപരമായ ചുവടുവെപ്പാണ് പുതിയ തീരുമാനമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

error: Content is protected !!