കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിപണികളിൽ വിതരണം ചെയ്യുന്ന പ്രമുഖ ബ്രാൻഡായ ‘ഡാനാലാക്’ (Danalac) ഗോട്ട് മിൽക്ക് ഇൻഫന്റ് ഫോർമുലയുടെ പ്രത്യേക ബാച്ചുകൾ അടിയന്തരമായി വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (PAFN) ഉത്തരവിട്ടു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ ആശങ്ക ഉയർന്നതിനെത്തുടർന്നാണ് മുൻകരുതൽ നടപടിയായി ഉൽപ്പന്നങ്ങൾ നീക്കം ചെയ്യുന്നത്.
യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിൽ ഉൽപ്പാദിപ്പിച്ച ‘ഡാനാലാക് ഗോട്ട് മിൽക്ക് ഇൻഫന്റ് ഫോർമുല 1’, ‘ഫോളോ-ഓൺ ഫോർമുല 2’ (400 ഗ്രാം) എന്നിവയാണ് തിരിച്ചുവിളിക്കുന്നത്. ഈ ഉൽപ്പന്നങ്ങളിൽ ബാസിലസ് സീറസ് (Bacillus cereus) എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ‘സിറ്യൂലൈഡ്’ (Cereulide) എന്ന വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന അന്താരാഷ്ട്ര ഭക്ഷ്യ സുരക്ഷാ ഏജൻസിയുടെ (RASFF) മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി.
ബാധിക്കപ്പെട്ട ബാച്ചുകൾ
2025-ൽ ഉൽപ്പാദിപ്പിക്കുകയും 2027-ൽ കാലാവധി അവസാനിക്കുകയും ചെയ്യുന്ന (Expiry Date) പ്രത്യേക ബാച്ചുകളെയാണ് ഈ ഉത്തരവ് ബാധിക്കുക. വിപണിയിൽ നിന്ന് ഇവ പൂർണ്ണമായും പിൻവലിക്കാൻ വിതരണക്കാർക്കും വിൽപന കേന്ദ്രങ്ങൾക്കും അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ ബാച്ചിലുള്ള പാൽപ്പൊടി ഉപയോഗിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
രക്ഷിതാക്കൾ ശ്രദ്ധിക്കാൻ
ഡാനാലാക് ആട്ടിൻ പാൽ ഉപയോഗിക്കുന്ന രക്ഷിതാക്കൾ പാക്കറ്റിലെ ബാച്ച് നമ്പറുകൾ പരിശോധിക്കണമെന്നും, തിരിച്ചുവിളിച്ച ബാച്ചുകളിൽപ്പെട്ടതാണെങ്കിൽ കുട്ടികൾക്ക് നൽകുന്നത് ഉടൻ നിർത്തണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിപണികളിൽ ഉടനീളം പരിശോധനകൾ കർശനമാക്കിയതായും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.
ഔദ്യോഗിക അറിയിപ്പുകൾക്കായി അതോറിറ്റിയുടെ ആശയവിനിമയ ചാനലുകൾ പിന്തുടരാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.





More Stories
കുവൈറ്റിൽ കായിക പ്രവർത്തനങ്ങൾ ഇന്നു മുതൽ പുനരാരംഭിക്കുന്നു ; പരിശീലനത്തിന് കർശന നിയന്ത്രണങ്ങളോടെ അനുമതി
കുവൈറ്റ് വിമാനത്താവളം ഇന്നുമുതൽ വീണ്ടും സജീവമാകുന്നു ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം അമ്മമാര്‍ക്കുള്ള ആദരവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച ‘ഏക് പേഡ് മാ കേ നാം’ ( അമ്മയ്ക്കായി ഒരു തൈ ) ക്യാമ്പയിന് സംഘടിപ്പിച്ച് കുവൈറ്റ് ഇന്ത്യന്‍ എംബസ്സി