കുവൈറ്റ് സിറ്റി: കുവൈത്തിൽ ഓൺലൈൻ വഴിയുള്ള വിദേശ പണമിടപാടുകൾക്ക് (Online Money Transfer) ‘കുവൈത്ത് മൊബൈൽ ഐഡി’ (Hawyti) ആപ്പ് വഴിയുള്ള തിരിച്ചറിയൽ പരിശോധന സെൻട്രൽ ബാങ്ക് നിർബന്ധമാക്കി. സൈബർ സുരക്ഷ ശക്തമാക്കുന്നതിനും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുമാണ് പുതിയ നടപടിയെന്ന് അധികൃതർ അറിയിച്ചു.
മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഓൺലൈൻ പോർട്ടലുകൾ വഴിയും പണം അയക്കുമ്പോൾ ഉപഭോക്താവിന്റെ വ്യക്തിത്വം മൊബൈൽ ഐഡി ആപ്പ് വഴി തന്നെ സാക്ഷ്യപ്പെടുത്തണമെന്ന് എല്ലാ എക്സ്ചേഞ്ച് കമ്പനികൾക്കും സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകി. പണമയക്കുന്നത് യഥാർത്ഥ അക്കൗണ്ട് ഉടമ തന്നെയാണെന്ന് ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും. തിരിച്ചറിയൽ രേഖകൾ മോഷ്ടിച്ചോ മറ്റൊരാളുടെ പേരിൽ വ്യാജമായി അക്കൗണ്ട് ഉണ്ടാക്കിയോ പണം തട്ടുന്ന രീതിക്ക് ഇതോടെ തടയിടാനാകുമെന്ന് കരുതപ്പെടുന്നു.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനുമായി (PACI) ബന്ധിപ്പിച്ച ഇലക്ട്രോണിക് ലിങ്കുകൾ വഴി വേണം എക്സ്ചേഞ്ച് കമ്പനികൾ ഈ പരിശോധന പൂർത്തിയാക്കാൻ. രാജ്യത്തെ പ്രമുഖ എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നിലവിൽ ഈ സംവിധാനം നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവർ നിശ്ചിത സമയപരിധിക്കുള്ളിൽ ആവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കി സിസ്റ്റം നവീകരിക്കണമെന്ന് ബാങ്ക് ഉത്തരവിട്ടു.
ശാരീരികമായി സിവിൽ ഐഡി കാർഡ് കൈവശമില്ലെങ്കിലും സ്വദേശികൾക്കും പ്രവാസികൾക്കും സുരക്ഷിതമായി പണമിടപാടുകൾ നടത്താൻ ഈ സംവിധാനം സഹായിക്കും. കുവൈത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനും ഈ നീക്കം ഉപകരിക്കുമെന്ന് സെൻട്രൽ ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി