കുവൈറ്റ് സിറ്റി: ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ മൂലം വിപണിയിൽ ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിക്കുന്നത് തടയാൻ കർശന നടപടികളുമായി കുവൈറ്റ് സർക്കാർ. അമിതവില വർദ്ധിപ്പിക്കുന്നതിനെതിരെ ശക്തമായ ‘റെഡ് ലൈൻ’ (Red Line) പ്രഖ്യാപിച്ച വാണിജ്യ വ്യവസായ മന്ത്രാലയം, അവശ്യസാധനങ്ങൾക്ക് സബ്‌സിഡി നൽകാനും തീരുമാനിച്ചു.
വിപണിയിൽ സാധനങ്ങളുടെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനുമാണ് ഈ നടപടിയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി മർവ അൽ-ജൈദാൻ അറിയിച്ചു. ഇറക്കുമതിക്കാർക്ക് അധികമായി വരുന്ന ബാധ്യതകൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കും. ജൂൺ 30 വരെയാണ് നിലവിൽ ഈ സബ്‌സിഡി തീരുമാനം പ്രാബല്യത്തിലുള്ളത്. സാഹചര്യങ്ങൾക്കനുസരിച്ച് കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കും.
സബ്‌സിഡി ലഭിക്കുന്ന പ്രധാന ഉൽപ്പന്നങ്ങൾ:
തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന മുട്ട, പാൽ (Long-life milk) എന്നിവയ്ക്കാണ് നിലവിൽ പ്രാമുഖ്യം നൽകുന്നത്. കൂടാതെ ഇറച്ചി ഉൾപ്പെടെയുള്ള മറ്റ് അവശ്യസാധനങ്ങളും ആവശ്യാനുസരണം സബ്‌സിഡി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.
വിലക്കയറ്റം തടയുന്നതിനായി വിപണിയിൽ ഫീൽഡ് ഇൻസ്പെക്ടർമാരുടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സബ്‌സിഡി ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന കമ്പനികൾ നിയമങ്ങൾ ലംഘിക്കുകയോ അനാവശ്യമായി വില വർദ്ധിപ്പിക്കുകയോ ചെയ്താൽ കർശനമായ നടപടികൾ നേരിടേണ്ടി വരും. ഇത്തരക്കാരിൽ നിന്ന് സബ്‌സിഡി തുക പൂർണ്ണമായും തിരിച്ചീടാക്കുമെന്നും ഭാവിയിൽ സബ്‌സിഡി പദ്ധതികളിൽ നിന്ന് അവരെ പുറത്താക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സ്വകാര്യ മേഖലയ്ക്ക് പിന്തുണ നൽകുന്നതോടൊപ്പം തന്നെ ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കാനും രാജ്യത്തെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമാണ് സർക്കാർ ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി