കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന വൈദ്യുതി, ജലശുദ്ധീകരണ ശാലകളിലൊന്നിന് നേരെ വെള്ളിയാഴ്ച പുലർച്ചെ ആക്രമണമുണ്ടായി. ആക്രമണത്തിൽ പ്ലാന്റിന്റെ ചില ഭാഗങ്ങൾക്ക് ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം സ്ഥിരീകരിച്ചു.
വെള്ളിയാഴ്ച പുലർച്ചയോടെയാണ് പ്ലാന്റിന് നേരെ ആക്രമണം നടന്നതെന്ന് മന്ത്രാലയ വക്താവ് ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തെത്തുടർന്ന് മന്ത്രാലയത്തിന്റെ സാങ്കേതിക സംഘവും അടിയന്തര വിഭാഗവും ഉടൻ തന്നെ സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. പ്ലാന്റിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തെ വൈദ്യുതി-ജല വിതരണ സംവിധാനങ്ങളുടെ സുരക്ഷയ്ക്കും സുഗമമായ പ്രവർത്തനത്തിനും മുൻഗണന നൽകുന്നുണ്ടെന്നും തകരാറുകൾ പരിഹരിച്ച് സേവനങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ വിശ്വസിക്കാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി