കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത ആപ്പായ ‘സഹേൽ’ (Sahel) വഴി ലഭ്യമായിരുന്ന വാഹന ഉടമസ്ഥാവകാശ കൈമാറ്റ (Vehicle Transfer) സേവനം താൽക്കാലികമായി നിർത്തിവെച്ചു. സാങ്കേതിക കാരണങ്ങളാലാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയയാണ് ഇതുസംബന്ധിച്ച വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ആപ്പിലെ വാഹന കൈമാറ്റ സേവനത്തിൽ അനുഭവപ്പെട്ട സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനും സംവിധാനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമായാണ് സേവനം തൽക്കാലം റദ്ദാക്കിയിരിക്കുന്നത്.
വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ ഡിജിറ്റലായി ഉടമസ്ഥാവകാശം മാറ്റാൻ സഹായിക്കുന്ന ഈ ഫീച്ചർ പ്രവാസികൾക്കും സ്വദേശികൾക്കും വലിയ ആശ്വാസമായിരുന്നു. എന്നാൽ സാങ്കേതിക അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകില്ല.
സേവനം തടസ്സപ്പെട്ടതിലുണ്ടായ ബുദ്ധിമുട്ടിൽ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി സേവനം എത്രയും വേഗം പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. സേവനം തിരികെ ലഭ്യമാകുമ്പോൾ ഔദ്യോഗികമായി അറിയിക്കുമെന്നും അതുവരെ ഉപഭോക്താക്കൾ ക്ഷമിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ