കുവൈറ്റ് സിറ്റി: കുവൈറ്റ് ലക്ഷ്യമാക്കി വ്യാഴാഴ്ച പുലർച്ചെയുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണ നീക്കങ്ങളെ വിജയകരമായി പ്രതിരോധിച്ച് കുവൈറ്റ് വ്യോമസേന. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷ്യമിട്ടെത്തിയ ശത്രു ഡ്രോണുകളെയും മിസൈലുകളെയും കുവൈറ്റ് എയർ ഡിഫൻസ് സിസ്റ്റം ആകാശത്തുവെച്ച് തന്നെ തകർത്തു. ഇതിൽ രണ്ട് ഡ്രോണുകൾ (UAVs) നാഷണൽ ഗാർഡ് വെടിവെച്ചിട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച പുലർച്ചെയോടെയാണ് അതിർത്തി കടന്നെത്തിയ മിസൈലുകളെയും ഡ്രോണുകളെയും സൈന്യം തടഞ്ഞത്. ആക്രമണ നീക്കങ്ങളെ പ്രതിരോധിക്കുന്നതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ശബ്ദത്തിലുള്ള സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവ മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തകർക്കുമ്പോഴുണ്ടായ ശബ്ദമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണൽ ഗാർഡ് ടാസ്‌ക് ഫോഴ്‌സ് സജ്ജമാണെന്നും സുരക്ഷാ മേഖലകളിലേക്ക് കടന്നുകയറാൻ ശ്രമിച്ച രണ്ട് ഡ്രോണുകൾ വിജയകരമായി തകർക്കാൻ സാധിച്ചതായും നാഷണൽ ഗാർഡ് വ്യക്തമാക്കി. നിലവിൽ എവിടെനിന്നും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജാഗ്രത തുടരണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി