കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശക്തമായ നീക്കത്തിന്റെ ഭാഗമായി വൻ ലഹരിവേട്ട. വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ വിദേശികളടക്കം 16 പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോൾ (CID) അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കിലോക്കണക്കിന് ഹാഷിഷ്, മെത്താംഫെറ്റാമൈൻ (ഷാബു), ആയിരക്കണക്കിന് ലഹരി ഗുളികകൾ എന്നിവ പിടിച്ചെടുത്തു.
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 11 വ്യത്യസ്ത ഓപ്പറേഷനുകളിലൂടെയാണ് പ്രതികളെ കുടുക്കിയത്. പിടിച്ചെടുത്തവയിൽ ഏകദേശം 11 കിലോ ഹാഷിഷ്, 400 ഗ്രാം ഷാബു (Methamphetamine), 11,000 ക്യാപ്റ്റഗൺ ഗുളികകൾ, വൻതോതിൽ ലിറിക്ക ഗുളികകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, ലഹരിമരുന്ന് വിൽപനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന പണവും മയക്കുമരുന്ന് അളക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് തുലാസുകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പിടിയിലായവർ മയക്കുമരുന്ന് വിൽപന നടത്തുന്നവരാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അധികൃതർ വ്യക്തമാക്കി. പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
രാജ്യത്തെ ലഹരിവിമുക്തമാക്കുന്നതിനും യുവാക്കളെ ഇതിന്റെ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനുമായി പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലഹരി മരുന്ന് കടത്തുന്നവർക്കും വിൽപന നടത്തുന്നവർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി