March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

കുവൈറ്റിൽ ഭക്ഷ്യ വിതരണ സേവനങ്ങൾക്ക് നിയന്ത്രണങ്ങളുമായി കുവൈത്ത്; ജിസിസിയിൽ ആദ്യം

കുവൈത്ത് സിറ്റി: രാജ്യത്തെ ഓൺലൈൻ ഭക്ഷണ വിതരണ മേഖലയെ (Online Food Delivery) കൂടുതൽ സുതാര്യവും വ്യവസ്ഥാപിതവുമാക്കാൻ കർശനമായ നിയമനിർമ്മാണവുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. ഭക്ഷണ വിതരണ ആപ്പുകൾ ഈടാക്കുന്ന കമ്മീഷൻ നിരക്കുകൾ നിയന്ത്രിക്കാനും കുത്തക നയങ്ങൾ അവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള 2026-ലെ 10-ാം നമ്പർ മന്ത്രിതല പ്രമേയം ഞായറാഴ്ച പുറത്തിറക്കി. ഇത്തരമൊരു വിപുലമായ നിയമനിർമ്മാണം നടത്തുന്ന ആദ്യ ഗൾഫ് രാജ്യമാണ് കുവൈത്ത്.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും റസ്റ്റോറന്റ് ഉടമകൾക്ക് നീതിയുക്തമായ മത്സര സാഹചര്യം ഉറപ്പാക്കാനുമാണ് ഈ നീക്കം.

പ്രധാന നിയന്ത്രണങ്ങൾ താഴെ പറയുന്നവയാണ്:

  • കമ്മീഷൻ നിരക്കുകൾ മരവിപ്പിച്ചു: റസ്റ്റോറന്റുകളിൽ നിന്ന് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന ഫീസുകളും കമ്മീഷനുകളും അടുത്ത മൂന്ന് വർഷത്തേക്ക് മാറ്റമില്ലാതെ തുടരണം. ചെറുകിട-ഇടത്തരം സംരംഭങ്ങളെ (SMEs) അനാവശ്യ സാമ്പത്തിക സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാനാണ് ഈ നടപടി.
  • പുതിയ ലൈസൻസ് നിബന്ധന: ഡെലിവറി പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ പ്രവർത്തനങ്ങൾ ‘ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള വിതരണ സേവനങ്ങളുടെ മാനേജ്‌മെന്റ്’ എന്ന വിഭാഗത്തിലേക്ക് രണ്ട് മാസത്തിനകം മാറ്റി നിശ്ചയിക്കണം.
  • കുത്തകകൾക്ക് വിലക്ക്: ചില റസ്റ്റോറന്റുകൾക്ക് മാത്രമായി പ്രത്യേക പരിഗണന നൽകുന്ന രീതിയും (Exclusivity), വിവേചനപരമായ അൽഗോരിതങ്ങൾ ഉപയോഗിക്കുന്നതും നിരോധിച്ചു. എല്ലാ റസ്റ്റോറന്റുകൾക്കും പ്ലാറ്റ്‌ഫോമുകളിൽ തുല്യത ഉറപ്പാക്കണം.
  • വിലക്കയറ്റം തടയും: റസ്റ്റോറന്റുകൾ നേരിട്ട് നൽകുന്നതിനേക്കാൾ ഉയർന്ന വില ഡെലിവറി ആപ്പുകൾ വഴി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ പാടില്ല. എല്ലാ ചാർജുകളും ഓർഡർ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഉപഭോക്താവിനെ അറിയിച്ചിരിക്കണം.
  • വിവരശേഖരണ അവകാശം: റസ്റ്റോറന്റുകൾക്ക് അവരുടെ വിൽപന സംബന്ധിച്ച ഡാറ്റകൾ സൗജന്യമായി ലഭ്യമാക്കണം. ഒന്നിലധികം ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി കരാറിൽ ഏർപ്പെടാൻ റസ്റ്റോറന്റുകൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകും.

കർശന നടപടികൾ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പുകൾ നൽകുന്നത് മുതൽ ലൈസൻസ് റദ്ദാക്കുന്നത് വരെയുള്ള ശിക്ഷാ നടപടികൾ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ 2026-ലെ പുതുക്കിയ നിരക്കുകൾ ഒരു മാസത്തിനകം മന്ത്രാലയത്തിന് സമർപ്പിക്കണം.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് ഈ തീരുമാനമെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഖലീഫ അൽ-അജീൽ പറഞ്ഞു. “അനിയന്ത്രിതമായ വിലക്കയറ്റത്തിനും ഏകപക്ഷീയമായ നിബന്ധനകൾക്കും ഈ നിയമം അറുതി വരുത്തും. വിദേശ നിക്ഷേപങ്ങളെ രാജ്യം സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ഉപഭോക്താക്കളുടെയും പ്രാദേശിക ബിസിനസ്സുകളുടെയും താൽപ്പര്യങ്ങൾ ബലികഴിച്ചുകൊണ്ടുള്ള നീക്കങ്ങൾ അനുവദിക്കില്ല,” അദ്ദേഹം വ്യക്തമാക്കി.

പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ കുവൈത്തിലെ ഭക്ഷണ വിതരണ മേഖലയിൽ കൂടുതൽ സുതാര്യതയും ആരോഗ്യകരമായ മത്സരവും കൈവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

error: Content is protected !!