ജോബിബേബി എഴുതുന്നു…
വലിയ ഒരു ഓക്ക് മരത്തിനരികെ ഇരുന്നു കൊണ്ട് ഗുരു തന്റെ ഭാണ്ഡകെട്ടഴിച്ചു. അതിശയിപ്പിക്കുന്ന സുഗന്ധമുള്ള ചന്ദനത്തടിയിൽ തീർത്ത വില്ലാണ് ആദ്യം പുറത്തെടുത്തത്. രണ്ടാമതായി ഒരു അമ്പ്. മൂന്നാമത് ലില്ലിപ്പൂവിന്റെ നിറമുള്ള ഒരു തൂവാല. ആ തൂവാല കൊണ്ട് തന്റെ കണ്ണുകൾ മൂടികെട്ടുവാൻ ഗുരു ആവശ്യപ്പെട്ടു. ‘പൂവിൽ നിന്നും ഞാൻ എത്ര അകലത്തിലാണ്?’അദ്ദേഹം ശിഷ്യനോട് ചോദിച്ചു. ‘നൂറ് അടി’ ശിഷ്യൻ ഊഹിച്ചു പറഞ്ഞു. എന്റെ അസ്ത്രവിദ്യ നീ കണ്ടിട്ടുണ്ടോ? അദ്ദേഹം തിരക്കി. മുന്നൂറ് അടി അകലത്തിൽ നിന്നു കൃത്യമായി അമ്പു കൊള്ളിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കലും ഉന്നം പിഴച്ചു ഞാൻ കണ്ടിട്ടില്ല.
അതിനു ശേഷം പാദങ്ങൾ കൃത്യമായി നിലത്തുറപ്പിച്ചു. മൂടി കെട്ടിയ കണ്ണുകളോടെ ആ ഗുരു മരത്തിന്മേൽ വെച്ചിരുന്ന പൂവിലേക്ക് കൃത്യമായി ഉന്നം വെച്ച് എല്ലാ ശക്തിയുമെടുത്ത് അമ്പ് തൊടുത്തുവിട്ടു. അമ്പ് ഉന്നം തെറ്റി ലക്ഷ്യസ്ഥാനത്തിനും വളരെ അകലത്തിൽ മരത്തടിയിൽ തറച്ചു നിന്നു.
ഗുരോ എന്താണ് സംഭവിച്ചത്? ശിഷ്യൻ ചോദിച്ചു.
ഈ ഏകാന്ത സ്ഥലത്തേക്ക് നമ്മൾ സഞ്ചരിച്ചെത്തിയതിനു കാരണം ഒന്നേയുള്ളൂ. എന്റെ ജീവിതജ്ഞാനം വെളിപ്പെടുത്താനായിരുന്നു. ജീവിതത്തിലെ ലക്ഷ്യങ്ങളെന്തെന്നു വ്യക്തമായി നിർവ്വചിച്ചു ഉറപ്പിക്കുകയും എവിടേക്കാണ് യാത്രയെന്ന് കൃത്യമായി അറിയുകയും ചെയ്യേണ്ടത്തിന്റെ പ്രാധാന്യം ഊന്നിപ്പറയേണ്ടത്തിനു വേണ്ടിയാണ് ഞാനിത് ചെയ്തത്. കാണാനാവാത്ത ഒരു ലക്ഷ്യത്തെ ഒരിക്കലും നേടാനാവില്ല. സന്തുഷ്ഠിയിലും ഊർജ്ജസ്വലതയിലും അഭിനിവേശങ്ങളുടെ ധാരാളതയിലും സ്വപ്നങ്ങൾ കണ്ടു ജീവിച്ചാൽ പോരാ, ലക്ഷ്യങ്ങൾ കുറിച്ചുവെക്കാനും അത് നേടിയെടുക്കാനുമുള്ള ജീവിതത്തിന്റെ അർത്ഥവും ധർമ്മവും എന്തെന്ന് നിരന്തരം പരിശോധിക്കുകയും മിഴി തുറക്കുകയും വേണം. റോബിൻ ശർമ്മയുടെ ‘The monk who sold his Ferrari’ എന്ന പുസ്തകത്തിലെ മനോഹരമായ ഒരു മനോഹരമായ വിവരണമാണിത്.
‘ഒടുവിൽ എന്റെ വാച്ചും ഞാൻ അഴിച്ചു വെയ്ക്കുന്നു. അതിൽ പറയുന്ന സമയത്തിന് എല്ലാ പ്രസക്തിയും നഷ്ടപ്പെട്ടിരിക്കുന്നു’. പീറ്റർ മാത്തിസൺ ‘The snow Leopard’ൽ കുറിച്ച വരികളാണ്. ശരിക്കും എത്രമേൽ സുന്ദരമായ ഒരു വിചാരത്തിലേക്കാണ് അയാൾ നമ്മെ വാച്ചഴിച്ചു കയറ്റുന്നത്. സത്യമായും നമ്മൾ സമയത്തിൽ വല്ലാതെ കുടുങ്ങിയ മനുഷ്യരാണ്. ഇന്നലെ കേട്ടതും നാളെ പകരം പറയേണ്ടതുമൊക്കെ മാത്രം ഉള്ളിൽ തിങ്ങുന്നവർ. അല്പത്തരങ്ങളുടെ ആകാശഗംഗയിൽ നാമിങ്ങനെ ഭ്രമണം തുടരുവോളം ചുവരിൽ മാറുന്ന കലണ്ടർ താളുകൾക്ക് എന്ത് പ്രസക്തിയാണുണ്ടാവുക. ജീവിതത്തിന്റെ ഓരോ നിമിഷവും അതാണ് അവസാനത്തേത് എന്ന വിധം ശാന്തമായും ജാഗ്രമായും ജീവിക്കാനാകണം. അത് മാത്രമാണ് ഓരോ നിമിഷവും പുതുനിമിഷമാക്കുന്നത്. ഓരോ ദിനവും പുതുദിനമാക്കുന്നത്. ഓരോ വർഷവും പുതുവർഷമാക്കുന്നത്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി