കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന്, ലഹരിവസ്തുക്കൾ എന്നിവയുടെ വിപണനവും ഉപയോഗവും കർശനമായി നിയന്ത്രിക്കുന്ന പുതിയ നിയമം കുവൈത്തിൽ പ്രാബല്യത്തിൽ വന്നു. ഡിക്രി ലോ നമ്പർ 59/2025 പ്രകാരമുള്ള ഈ നിയമം, ലഹരി മരുന്നുകൾക്കെതിരായ പോരാട്ടത്തിൽ കുവൈറ്റിന്റെ ശക്തമായ നിലപാട് വ്യക്തമാക്കുന്നതാണ്.
പഴയ മയക്കുമരുന്ന് നിയന്ത്രണ നിയമങ്ങളായ ലോ നമ്പർ 74/1983, ലോ നമ്പർ 48/1987 എന്നിവയെ ഏകീകരിച്ച് കൂടുതൽ കടുപ്പമേറിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്. ഡിസംബർ 15 മുതൽ ഈ നിയമം രാജ്യത്ത് നടപ്പിലായി.
പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ:
- കഠിനമായ ശിക്ഷകൾ: മയക്കുമരുന്ന് കള്ളക്കടത്ത്, ഉത്പാദനം, വിതരണം എന്നീ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ശിക്ഷയായി ലഭിക്കാം. ഇതിന് പുറമെ 20 ലക്ഷം ദിനാർ വരെ പിഴയും ചുമത്താൻ സാധ്യതയുണ്ട്.
- വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ: പ്രായപൂർത്തിയാകാത്തവർക്ക് മയക്കുമരുന്ന് വിൽക്കുക, ലഹരിവസ്തുക്കൾ വിതരണം ചെയ്യാൻ കുട്ടികളെ ഉപയോഗിക്കുക, സ്‌കൂളുകൾ, സർവകലാശാലകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മയക്കുമരുന്ന് വിൽക്കുക, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളക്കടത്തിന് സൗകര്യമൊരുക്കുക തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളിൽ വധശിക്ഷ ലഭിച്ചേക്കാം.
- സർക്കാർ ജീവനക്കാർക്ക് പരിശോധന: സർക്കാർ മേഖലയിലെ സിവിലിയൻ, സൈനിക ജീവനക്കാർക്ക് ജോലി സ്ഥലത്ത് വെച്ച് റാൻഡം ഡ്രഗ് ടെസ്റ്റുകൾ നടത്താൻ അധികാരം നൽകുന്നു. ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നവർക്കും വിവാഹത്തിന് അപേക്ഷിക്കുന്നവർക്കും മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കും.
- വിദേശികൾക്ക് നാടുകടത്തൽ: നിയമം ലംഘിച്ചതിന് ശിക്ഷിക്കപ്പെടുന്ന വിദേശികളെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നിർബന്ധമായും നാടുകടത്തണം എന്ന് ആർട്ടിക്കിൾ 68 വ്യക്തമാക്കുന്നു.
- ചികിത്സ തേടുന്നവർക്ക് ഇളവ്: കേസ് രജിസ്റ്റർ ചെയ്യുന്നതിനു മുൻപ് സ്വമേധയാ ചികിത്സ തേടുന്ന ലഹരിക്ക് അടിമപ്പെട്ടവർക്ക് പ്രോസിക്യൂഷനിൽ നിന്ന് നിയമപരമായ പരിരക്ഷ (Legal Immunity) ലഭിക്കുന്നതിന് വ്യവസ്ഥയുണ്ട്.
താഴെ പറയുന്ന കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ 500,000 കുവൈറ്റ് ദിനാർ വരെ പിഴയോ ലഭിച്ചേക്കാം.
മറ്റ് പ്രധാന ശിക്ഷാ വ്യവസ്ഥകൾ:
| കുറ്റകൃത്യം | ശിക്ഷ |
| മയക്കുമരുന്ന് മറ്റൊരാളിൽ നിക്ഷേപിച്ച് കുറ്റം ആരോപിക്കാൻ ശ്രമിക്കുക, അല്ലെങ്കിൽ മറ്റൊരാൾ അറിയാതെ ഒളിപ്പിക്കുക. | വധശിക്ഷ അല്ലെങ്കിൽ ജീവിതപര്യന്തം തടവും 20 ലക്ഷം ദിനാർ വരെ പിഴയും. |
| മറ്റൊരാളെ ബലം പ്രയോഗിച്ച് ലഹരി ഉപയോഗിപ്പിക്കുകയോ, അവരുടെ അറിവില്ലാതെ ശരീരത്തിൽ പ്രവേശിപ്പിക്കുകയോ ചെയ്യുക. | വധശിക്ഷ അല്ലെങ്കിൽ ജീവിതപര്യന്തം തടവും 500,000 ദിനാർ വരെ പിഴയും. |
| മയക്കുമരുന്ന് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ചിത്രങ്ങളോ ചിഹ്നങ്ങളോ അടങ്ങിയ വസ്തുക്കൾ പ്രചരിപ്പിക്കുക. | 5 മുതൽ 10 വർഷം വരെ തടവും 5,000 മുതൽ 10,000 ദിനാർ വരെ പിഴയും. |
| മയക്കുമരുന്ന് വ്യക്തിപരമായ ഉപയോഗത്തിനായി കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുക. | 10 വർഷം വരെ തടവും 10,000 ദിനാർ വരെ പിഴയും. |
| ലഹരി ഉപയോഗിക്കുന്നവരുമായി സഹവസിക്കുക (സ്വയം ഉപയോഗിച്ചില്ലെങ്കിൽ പോലും). | 3 വർഷം വരെ തടവും 5,000 ദിനാർ വരെ പിഴയും അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്ന്. |
| മയക്കുമരുന്ന് ഉപയോഗിച്ച് അക്രമം, ഭീഷണി, മറ്റൊരാൾക്ക് ദോഷം ഉണ്ടാക്കുന്ന കുറ്റങ്ങൾ എന്നിവ ചെയ്താൽ. | നിയമപരമായി നിർണ്ണയിച്ച പരമാവധി ശിക്ഷയുടെ ഇരട്ടി വരെ വർദ്ധിപ്പിച്ചേക്കാം. |
ലഹരിമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിലും, കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കുന്നതിലും കുവൈറ്റ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യവും സമൂഹ സുരക്ഷയും ഉറപ്പാക്കാൻ ഈ നിയമം കർശനമായി നടപ്പിലാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനും, അതേ സമയം ലഹരിക്ക് അടിമപ്പെട്ടവർക്ക് ചികിത്സ നൽകി സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ സമഗ്രമായ നിയമം.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്