കുവൈത്ത് സിറ്റി/പ്രത്യേക ലേഖകൻ
മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ മഹത്വവൽക്കരിക്കുകയോ ചെയ്യുന്ന ചിത്രങ്ങളോ, ചിഹ്നങ്ങളോ, എഴുത്തുകളോ, ലോഗോകളോ അടങ്ങിയ വസ്ത്രങ്ങൾ, സാധനങ്ങൾ, അക്സസറികൾ എന്നിവ ധരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ കുവൈത്ത് ആഭ്യന്തര മന്ത്രാലയം കർശന വിലക്ക് ഏർപ്പെടുത്തി. രാജ്യത്ത് ലഹരിമരുന്ന് വിരുദ്ധ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം.
‘സേഫ്uഗാഡിംഗ് ഔർ ഹോംലാൻഡ്’ (Safeguarding Our Homeland) എന്ന പേരിൽ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക മുന്നറിയിപ്പ് പ്രകാരം, നിയമം ലംഘിക്കുന്ന വ്യക്തികൾക്ക് 500 ദിനാർ വരെ പിഴ ചുമത്തും. വസ്ത്രങ്ങൾ, പ്രിന്റ് ചെയ്ത വസ്തുക്കൾ, അക്സസറികൾ, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമുള്ള മറ്റേതെങ്കിലും ഉൽപ്പന്നങ്ങൾ എന്നിവക്ക് ഈ വിലക്ക് ബാധകമാണ്.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയോ, ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്നവരുടെയോ ഒപ്പം കണ്ടാലും ഇനി ശിക്ഷ ലഭിക്കും.
- മയക്കുമരുന്നോ സൈക്കോട്രോപിക് ലഹരിവസ്തുക്കളോ ഉപയോഗിക്കുന്നവരുടെ സംഘത്തിൽ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ, അവർ വ്യക്തിപരമായി ലഹരി ഉപയോഗിച്ചില്ലെങ്കിൽ പോലും മൂന്ന് വർഷം വരെ തടവോ 5,000 ദിനാർ പിഴയോ അല്ലെങ്കിൽ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കാം.
പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിവസ്തുക്കൾക്കെതിരായ രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. നിയമങ്ങൾ പാലിക്കാനും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി