കുവൈറ്റ് സിറ്റി: കൂവൈറ്റ് സഹകരണ സംഘങ്ങളിലെ (Cooperative Societies) തൊഴിലാളികളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചു. മനുഷ്യക്കടത്ത്, അനധികൃതമായി പണം സമ്പാദിക്കൽ എന്നീ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അന്വേഷണത്തിന് വിധേയമാക്കുന്നത്.
പ്രതികളുടെ സാമ്പത്തിക, മാനുഷികപരമായ സാഹചര്യങ്ങൾ മുതലെടുത്താണ് സഹകരണ സംഘങ്ങളിലെ തൊഴിലാളികളെ ചൂഷണം ചെയ്തതെന്ന് പബ്ലിക് പ്രോസിക്യൂഷൻ വിശദീകരിച്ചു. ജോലി ചെയ്യാൻ അനുവദിക്കുന്നതിന് പകരമായി തൊഴിലാളികളിൽ നിന്ന് പ്രതികൾ ദിവസേന ഫീസ് ഈടാക്കുകയും, നിയമപരമായി അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുകയും ചെയ്തു.
ഈ നടപടികൾ മനുഷ്യക്കടത്ത്, കുടിയേറ്റക്കാരുടെ കടത്ത് എന്നിവ തടയുന്നതുമായി ബന്ധപ്പെട്ട 2013-ലെ 91-ാം നമ്പർ നിയമത്തിന്റെ ലംഘനമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
അറ്റോർണി ജനറൽ കൗൺസിലർ സാദ് അൽ-സഫ്രാൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം കേസ് അന്വേഷണത്തിനായി പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. കാപ്പിറ്റൽ പ്രോസിക്യൂഷനിലെയും മനുഷ്യക്കടത്ത് വിരുദ്ധ പ്രോസിക്യൂഷനിലെയും അംഗങ്ങളാണ് ഈ ടീമിൽ ഉൾപ്പെടുന്നത്.
കേസുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുക, പ്രതികളെയും സാക്ഷികളെയും ചോദ്യം ചെയ്യുക, ഇരകൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ ചുമതലകളാണ് ഈ സംഘങ്ങൾക്കുള്ളത്.
നിലവിൽ ഈ കേസുകളുമായി ബന്ധപ്പെട്ട് 115 ഇരകളുടെ മൊഴികൾ പബ്ലിക് പ്രോസിക്യൂഷൻ രേഖപ്പെടുത്തിക്കഴിഞ്ഞു. കൂടാതെ, കേസിൽ സംശയമുള്ള 48 പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണ നടപടികൾ പുരോഗമിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ അറിയിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി