ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ സുപ്രധാനമായ രണ്ട് പുതിയ നിയമനങ്ങൾക്ക് കാബിനറ്റിന്റെ നിയമന സമിതി അംഗീകാരം നൽകി. ജപ്പാനിലെ ഇന്ത്യൻ അംബാസഡറും മലയാളിയുമായ സിബി ജോർജിനെ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) ആയും, ഭൂട്ടാനിലെ ഇന്ത്യൻ അംബാസഡറായ സുധാകർ ദലേലയെ സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങൾ) ആയും നിയമിച്ചു.1993 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥരാണ് ഇരുവരും.
നിലവിലെ സെക്രട്ടറി (വെസ്റ്റ്) ആയ തന്മയ ലാൽ, സെക്രട്ടറി (സാമ്പത്തിക ബന്ധങ്ങൾ) ആയ ദമ്മു രവി എന്നിവർ വിരമിക്കുന്ന ഒഴിവിലേക്കാണ് ഈ പുതിയ നിയമനങ്ങൾ. 2025 ഓഗസ്റ്റ് 31-ന് ഇരുവരും വിരമിക്കുന്ന മുറയ്ക്ക് പുതിയ ഉദ്യോഗസ്ഥർ ചുമതലയേൽക്കും.
മലയാളികൾക്ക് അഭിമാനമായി സിബി ജോർജ്
കുവൈത്തിലെ മുൻ ഇന്ത്യൻ അംബാസഡർ എന്ന നിലയിൽ പ്രവാസികൾക്കിടയിൽ സുപരിചിതനായ സിബി ജോർജിന്റെ പുതിയ നിയമനം മലയാളികൾക്കും അഭിമാനകരമാണ്. നിലവിൽ ജപ്പാനിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം. നയതന്ത്ര രംഗത്തെ അദ്ദേഹത്തിന്റെ ദീർഘകാലത്തെ അനുഭവസമ്പത്തും കാര്യശേഷിയും കണക്കിലെടുത്താണ് ഈ സുപ്രധാന പദവി. യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര ബന്ധങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സുപ്രധാന പദവിയാണ് സെക്രട്ടറി (വെസ്റ്റ്). ഐക്യരാഷ്ട്രസഭയുമായും മറ്റ് ബഹുരാഷ്ട്ര സംഘടനകളുമായുള്ള ഇന്ത്യയുടെ സഹകരണവും ഈ പദവിയുടെ കീഴിൽ വരും.
കുവൈത്തിന് പുറമെ സ്വിറ്റ്സർലൻഡ്, വത്തിക്കാൻ, ലിക്റ്റൻസ്റ്റൈൻ എന്നിവിടങ്ങളിലും ഇന്ത്യൻ അംബാസഡറായി സിബി ജോർജ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.കെയ്റോ, ദോഹ, ഇസ്ലാമാബാദ്, വാഷിംഗ്ടൺ ഡിസി, ടെഹ്‌റാൻ, റിയാദ് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലും അദ്ദേഹം പ്രധാന ചുമതലകൾ വഹിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ മികച്ച സേവനത്തിന് 2014-ൽ എസ്.കെ. സിംഗ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്