കുവൈറ്റ്: കുവൈറ്റിലെ പ്രവാസി കേന്ദ്രമായ ജലീബ് അൽ-ഷുവൈഖിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി നിയമലംഘകർ അറസ്റ്റിലായി.വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് സുരക്ഷാ സേന പ്രദേശം വളഞ്ഞ് പരിശോധന നടത്തിയത്.
പ്രത്യേക സുരക്ഷാ സേനയുടെ കനത്ത സന്നാഹത്തോടെയായിരുന്നു റെയ്ഡ്. ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ-അദ്വാനിയുടെ മേൽനോട്ടത്തിൽ, സ്പെഷ്യൽ ഫോഴ്‌സ് സെക്യൂരിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ദഖീൽ അൽ ദഖീൽ, ഓപ്പറേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ യൂസഫ് അൽ സൂരി എന്നിവർ ഓപ്പറേഷന് നേരിട്ട് നേതൃത്വം നൽകി.നിയമലംഘകരും കുറ്റവാളികളും താമസിക്കുന്നതായി സംശയിക്കുന്ന പ്രധാന സ്ഥലങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ പൂർണ്ണമായും വളഞ്ഞിരുന്നു.
പിടിയിലായവരിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയവർ ഉൾപ്പെടുന്നു. സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച് അറസ്റ്റിലായവരുടെ തരംതിരിവ് ഇപ്രകാരമാണ്:
- 112 പേർക്കെതിരെ നിലവിൽ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു.
- 111 പേർ ഒളിച്ചോട്ട കേസുകളിൽ ഉൾപ്പെട്ടവരാണ് (അബ്സ്കോണ്ടിംഗ്).
- 18 പേരുടെ താമസരേഖ (ഇഖാമ) കാലാവധി കഴിഞ്ഞിരുന്നു.
- 12 പേർക്ക് തിരിച്ചറിയൽ രേഖകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
- പ്രായപൂർത്തിയാകാത്ത ഒരാൾ ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പിടിയിലായി.
- ഒരാൾ ലഹരി ഉപയോഗിച്ചെന്ന സംശയത്തിലും കസ്റ്റഡിയിലെടുത്തു.
അനധികൃത താമസക്കാരെയും തൊഴിൽ നിയമലംഘകരെയും കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന സുരക്ഷാ കാമ്പെയ്‌നുകളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്ക് അഭയം നൽകുകയോ ജോലി നൽകുകയോ ചെയ്യുന്ന തൊഴിലുടമകൾക്കും സ്പോൺസർമാർക്കും എതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്