May 14, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

അടിമുടി മാറി വാട്‌സാപ്പ്; റിയാക്ഷന്‍ ബട്ടണുകളടക്കം പുതിയ ഫീച്ചറുകൾ

ടെക്നോളജി ഡെസ്ക്

നീണ്ടകാലത്തെ പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറുകളുമായി ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്‌സ്‌ആപ്പ്.
പ്രമുഖ മെസേജിങ് പ്ലാറ്റ്‌ഫോമുകളായ ടെലഗ്രാം, ഇന്‍സ്റ്റഗ്രാം, ഐമെസേജ് എന്നിവയിലെന്നപോലെ മെസ്സേജ് റിയാക്ഷന്‍ ഫീച്ചറാണ് ഇതില്‍ പ്രധാനം. ഇനി വാട്‌സ്‌ആപ്പ് മസേജുകള്‍ക്കും ഇമോജി ഉപയോഗിച്ച്‌ പ്രതികരിക്കാം. സന്ദേശങ്ങളില്‍ ലോങ് പ്രസ് ചെയ്യുമ്ബോള്‍, മുകളിലായി മെസ്സേജ് റിയാക്ഷനുകള്‍ പ്രത്യക്ഷപ്പെടുന്ന വിധത്തിലാണ് ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആറ് ഇമോജി റിയാക്ഷനുകളാണ് വാട്‌സ്‌ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ലൈക്ക്, ലവ്, സര്‍പ്രൈസ്, ചിരി, സങ്കടം, നന്ദി എന്നിവയാണവ. ഇത് മാറ്റാന്‍ സാധിക്കില്ല. പതിയെ കൂടുതല്‍ ഇമോജികള്‍ ലഭ്യമാക്കും.

രണ്ട് ജിബി വരെയുള്ള ഫയലുകള്‍ അയക്കാം

വാട്‌സ്‌ആപ്പിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്നു വലിയ ഫയലുകള്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നത്. പരമാവധി 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമായിരുന്നു ഡോക്യുമെന്റ് രൂപത്തില്‍ പങ്കുവെക്കാന്‍ കഴിഞ്ഞിരുന്നത്. മറ്റ് ആപ്ലിക്കേഷനുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ചായിരുന്നു ഉപയോക്താക്കള്‍ ഈ പ്രശ്‌നത്തിന് പലപ്പോഴും പരിഹാരം കണ്ടത്. എന്നാല്‍, ഇനി മുതല്‍ വലിയ ഫയലുകള്‍ അയക്കാന്‍ ബുദ്ധിമുട്ടേണ്ട.

സൈസ് കൂടിയ ഫയലുകളും ഇനി വാട്‌സ്‌ആപ്പ് വഴി കൈമാറാന്‍ സാധിക്കും. രണ്ട് ജിബി വരെയുള്ള ഫയലുകളാണ് ഇത്തരത്തില്‍ വാട്‌സ്‌ആപ്പ് വഴി കൈമാറാന്‍ കഴിയുക. ഫയലുകള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷയുമുണ്ടായിരിക്കും. ഒരു ഫയല്‍ പങ്കിടുന്നതിന് എത്ര സമയമെടുക്കുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്ന ഒരു കൗണ്ടറും വാട്‌സ്‌ആപ്പില്‍ കാണാന്‍ കഴിയും.

ഗ്രൂപ്പുകളില്‍ ഇനി ഇരട്ടി അംഗങ്ങളെ ചേര്‍ക്കാം

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇതുവരെ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്ന പരമാവധി മെമ്ബര്‍മാരുടെ എണ്ണം 256 ആയിരുന്നു. എന്നാല്‍, ഇനിമുതല്‍ അതിന്റെ ഇരട്ടിയായ 512 പേരെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാം. ഈ ഫീച്ചര്‍ പണിപ്പുരയില്‍ തയ്യാറാകുകയാണെന്നും വാട്‌സ്‌ആപ്പ് അറിയിച്ചിട്ടുണ്ട്. വാട്‌സ്‌ആപ്പ് കമ്യൂണിറ്റി ഫീച്ചര്‍ വരാനിരിക്കെ ഈ സൗകര്യം ഏറെ പ്രയോജനകരമാകും.

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് സന്ദേശങ്ങള്‍ നിയന്ത്രിക്കാം

അംഗങ്ങളുടെ സന്ദേശങ്ങള്‍ നിയന്ത്രിക്കാനായി ഗ്രൂപ്പ് അഡ്മിന്‍മാരെ സഹായിക്കുന്ന ഫീച്ചറും വാട്‌സ്‌ആപ്പ് അവതരിപ്പിക്കും. വ്യാജവാര്‍ത്തകള്‍ തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഗ്രൂപ്പിലെ അംഗങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ അഡ്മിന്‍മാര്‍ക്ക് മായ്ച്ച്‌ കളയാന്‍ സാധിക്കുന്ന ബീറ്റ ഫീച്ചര്‍ കഴിഞ്ഞ ഡിസംബറില്‍ വാട്സ്‌ആപ്പ് അവതരിപ്പിച്ചിരുന്നു. ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന് സമാനമാണിത്.

ഒരു അക്കൗണ്ട് ഒന്നിലധികം ഫോണുകളില്‍

ഒരു വാട്‌സ്‌ആപ്പ് അക്കൌണ്ട് ഒന്നില്‍ കൂടുതല്‍ ഡിവൈസുകളില്‍ ഉപയോഗിക്കാമെന്നതാണ് പുതുതായി വരുന്ന മറ്റൊരു സവിശേഷത. ‘കമ്ബാനിയന്‍ ഡിവൈസ് ഫീച്ചര്‍’ എന്നാണിത് അറിയപ്പെടുക. ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യുന്നതിന് ആദ്യം ഒരു ഡിവൈസ് കമ്ബാനിയന്‍ ആയി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഉപയോക്താക്കളുടെ പ്രൈമറി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച്‌ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മറ്റൊരു ഫോണില്‍ അക്കൗണ്ട് ആക്സസ് ചെയ്യാം. നിങ്ങളുടെ സ്മാര്‍ട്ട്ഫോണിനുള്ളില്‍ വാട്‌സ്‌ആപ്പിന്റെ പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആപ്ലിക്കേഷന്‍ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്ത് പരിശോധിക്കാം.