കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
ന്യൂനമർദ്ദത്തിന്റെ ഫലമായി വ്യാഴാഴ്ച മുതൽ ആകാശം മേഘാവൃതമായിരിക്കുമെന്നും നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ളറാർ അൽ അലി അറിയിച്ചു. വെള്ളിയാഴ്ചയോടെ മഴയുടെ ശക്തി വർദ്ധിക്കും. ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ചയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഞായറാഴ്ച പുലർച്ചെ മുതൽ കാലാവസ്ഥാ നില കൂടുതൽ മോശമായേക്കാം. മണിക്കൂറിൽ 25 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്ത് പൊടിക്കാറ്റിന് കാരണമാകും. ഇത് കാഴ്ചപരിധി കുറയ്ക്കാൻ ഇടയാക്കുമെന്നതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. കടലിൽ തിരമാലകൾ ഏഴ് അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണം.
താപനിലയിൽ കാര്യമായ കുറവുണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പകൽ സമയത്ത് പരമാവധി താപനില 15 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയും, രാത്രിയിൽ 5 മുതൽ 11 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും അനുഭവപ്പെടുക. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല