March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വ്യാജ ഔദ്യോഗിക രേഖകൾ നിർമ്മിച്ചതിനും കൈക്കൂലി വാങ്ങിയതിനും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI ) യിലെ ജീവനക്കാരൻ ഉൾപ്പെട്ട സംഘം അറസ്റ്റിൽ

രാജ്യത്ത് അഴിമതിക്കെതിരെ നടക്കുന്ന ശക്തമായ നടപടികളുടെ ഭാഗമായി, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഉദ്യോഗസ്ഥനെ വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി എന്നീ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വിഭാഗമാണ് പ്രതിയെ പിടികൂടിയത്. ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഇടനിലക്കാരും കൈക്കൂലി നൽകിയവരുമടക്കം പത്തോളം പേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

അന്വേഷണത്തിൽ, പ്രതി തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പാസിയുടെ ഇലക്ട്രോണിക് സംവിധാനത്തിൽ അനധികൃതമായി പ്രവേശിച്ച് താമസക്കാരുടെ വിലാസ വിവരങ്ങളിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തി. നിയമപരമായ നടപടിക്രമങ്ങൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട്, അപേക്ഷകർ നേരിട്ട് ഹാജരാകാതെയും ഔദ്യോഗിക രേഖകൾ സമർപ്പിക്കാതെയും ആയിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

ഈ വർഷം മാത്രം അയ്യായിരത്തിലധികം നിയമവിരുദ്ധ ഇടപാടുകൾ പ്രതി നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഓരോ ഇടപാടിനും 120 കുവൈത്തി ദിനാർ വീതം കൈക്കൂലി വാങ്ങിയാണ് ഇയാൾ വിലാസം മാറ്റ നൽകിയിരുന്നത്. ഈ പണം ഉപയോഗിച്ച് സ്വർണ്ണക്കട്ടികളും ആഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങി കള്ളപ്പണം വെളുപ്പിക്കാനും ഇയാൾ ശ്രമിച്ചതായി കണ്ടെത്തി.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായും വ്യക്തമായിട്ടുണ്ട്. അഴിമതിക്ക് ഇടനിലക്കാരായി പ്രവർത്തിച്ച രണ്ടുപേരെയും നിയമവിരുദ്ധമായി വിലാസം മാറ്റുന്നതിനായി കൈക്കൂലി നൽകിയ ഏഴ് വ്യക്തികളെയും അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതരും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ രഹസ്യാന്വേഷണത്തെയും ഏകോപനത്തെയുമാണ് അഴിമതിയുടെ ചുരുളഴിഞ്ഞത്. അറസ്റ്റിലായ എല്ലാ പ്രതികളെയും പിടിച്ചെടുത്ത വസ്തുവകകളും തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യവ്യാപകമായി നടക്കുന്ന അഴിമതി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ നടപടി.

error: Content is protected !!