March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

മംഗഫ് തീപിടുത്ത കേസിൽ പ്രതികളുടെ തടവുശിക്ഷ മരവിപ്പിച്ചു; കുവൈറ്റ് കോടതിയുടെ നിർണ്ണായക വിധി

കുവൈറ്റ് സിറ്റി: 50 പേരുടെ മരണത്തിനിടയാക്കിയ മംഗഫ് തീപിടുത്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് കുവൈറ്റ് കോടതിയുടെ ആശ്വാസ വിധി. കേസിൽ ഉൾപ്പെട്ട സ്വദേശി പൗരനും വിദേശികൾക്കും അപ്പീൽ കോടതി വിധിച്ച തടവുശിക്ഷ കാസേഷൻ കോടതി മരവിപ്പിച്ചു. ശിക്ഷാ നടപടികൾ സ്റ്റേ ചെയ്ത കോടതി, തടവുശിക്ഷയ്ക്ക് പകരം 5,000 കുവൈറ്റ് ദിനാർ പിഴയായി ഒടുക്കാൻ ഉത്തരവിട്ടു.

പ്രമുഖ മലയാളി വ്യവസായി കെ.ജി. അബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ഡയറക്ടർ മുഹമ്മദ് നാസർ അൽ ബദാഹിന് അപ്പീൽ കോടതി വിധിച്ചിരുന്ന ഒരു വർഷത്തെ കഠിനതടവും കോടതി റദ്ദാക്കി. പ്രതിഭാഗം അഭിഭാഷകൻ സുൽത്താൻ ഹമദ് അൽ അജ്മി സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി. നിയമത്തിന്റെ തെറ്റായ പ്രയോഗവും വസ്തുതകൾ വിലയിരുത്തുന്നതിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ സമർപ്പിച്ചത്.

കഴിഞ്ഞ വർഷം ജൂൺ 12-നാണ് കുവൈറ്റിലെ അഹമ്മദി ഗവർണറേറ്റിലെ മംഗഫിലുള്ള തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തമുണ്ടായത്. അപകടത്തിൽ 46 ഇന്ത്യക്കാരുൾപ്പെടെ 50 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗ്രൗണ്ട് ഫ്ലോറിലെ സെക്യൂരിറ്റി മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

നേരത്തെ മിസ്ഡെമീനർ കോടതി പ്രതികൾക്ക് മൂന്ന് വർഷം തടവ് വിധിച്ചിരുന്നുവെങ്കിലും അപ്പീൽ കോടതി അത് ഒരു വർഷമായി കുറച്ചിരുന്നു. ഇപ്പോൾ കാസേഷൻ കോടതി ശിക്ഷാ നടപടികൾ മരവിപ്പിച്ചതോടെ പ്രതികൾക്ക് താല്ക്കാലിക ആശ്വാസമായിരിക്കുകയാണ്. കേസ് മനഃപൂർവമല്ലാത്ത നരഹത്യ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

error: Content is protected !!