കുവൈറ്റ് സിറ്റി: ഇന്ത്യയും കുവൈറ്റും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ (Strategic Partnership) ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുവൈറ്റിൽ വിപുലമായ ‘ഇൻക്രെഡിബിൾ ഇന്ത്യ’ ടൂറിസം പ്രചാരണ പരിപാടികൾക്ക് തുടക്കമായി. കുവൈറ്റിലെ പ്രശസ്തമായ കുവൈറ്റ് ടവേഴ്സിൽ നടന്ന ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി, കുവൈറ്റ് ടൂറിസ്റ്റിക് എന്റർപ്രൈസസ് കമ്പനി (TEC) സി.ഇ.ഒ അൻവർ അബ്ദുള്ള അൽ ഹുലൈല എന്നിവർ ചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
2024 ഡിസംബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചരിത്രപ്രധാനമായ കുവൈറ്റ് സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് തുടക്കമായത്. ഇതിന്റെ സ്മരണാർത്ഥമാണ് ഒരു മാസം നീണ്ടുനിൽക്കുന്ന വിനോദസഞ്ചാര പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.
വിനോദസഞ്ചാര കാഴ്ചകളുമായി 20 ബസ്സുകൾ കാമ്പയിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത 20 ബസ്സുകൾ അംബാസഡറും ടി.ഇ.സി സി.ഇ.ഒയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിലെ പ്രശസ്തമായ കായൽ കാഴ്ചകൾ, മൂന്നാറിലെ തേയിലത്തോട്ടങ്ങൾ എന്നിവയ്ക്ക് പുറമെ ഋഷികേഷിലെ അഡ്വഞ്ചർ ടൂറിസം, ഗിർ വനത്തിലെ വന്യജീവി അനുഭവങ്ങൾ, മഹാരാജാസ് എക്സ്പ്രസ്സ് ലക്ഷ്വറി ട്രെയിൻ, ലഡാക്ക്, കശ്മീർ, ഹൈദരാബാദിലെ ചാർമിനാർ, ജയ്പൂരിലെ ഹവാ മഹൽ തുടങ്ങിയ ഇന്ത്യയുടെ സാംസ്കാരിക-പ്രകൃതി ഭംഗി വിളിച്ചോതുന്ന ചിത്രങ്ങളാണ് ബസ്സുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
പരിസ്ഥിതി സൗഹൃദ സന്ദേശം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഏക് പേഡ് മാ കേ നാം’ (Plant for Mother) പദ്ധതിയുടെ ഭാഗമായി അംബാസഡർ പരമിത ത്രിപാഠി കുവൈറ്റ് ടവർ പരിസരത്ത് വേപ്പിൻ തൈ നട്ടു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ പദ്ധതി വഴി ആഗോളതലത്തിൽ ഇതുവരെ 140 കോടിയിലധികം തൈകൾ നട്ടുകഴിഞ്ഞു.
സഞ്ചാരികളെ കാത്ത് ഇന്ത്യ കുവൈറ്റിൽ നിന്നുള്ള വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിനായി ഇ-വിസ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇന്ത്യ നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. 2024-ൽ മാത്രം രണ്ട് കോടിയിലധികം വിദേശ സഞ്ചാരികളാണ് ഇന്ത്യ സന്ദർശിച്ചത്.
കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ‘ഇൻക്രെഡിബിൾ ഇന്ത്യ’ ചിത്രങ്ങൾ പതിച്ച ബസ്സുകളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുമെന്ന് എംബസി അറിയിച്ചു.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ട്രാവൽ ഏജൻസി പ്രതിനിധികൾ, മാധ്യമപ്രവർത്തകർ, ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി