കുവൈറ്റ് സിറ്റി: വിദേശത്തുനിന്ന് കുവൈറ്റിലേക്ക് എത്തുന്ന യാത്രക്കാർ മരുന്നുകൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മയക്കുമരുന്ന് (Narcotic), മാനസികരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ (Psychotropic substances) എന്നിവയുമായി എത്തുന്നവർക്കാണ് പുതിയ നിബന്ധനകൾ ബാധകമാകുക. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാധി ഇത് സംബന്ധിച്ച ഉത്തരവ് (No. 302/2025) പുറപ്പെടുവിച്ചു. ഡിസംബർ 15 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു.
പ്രധാന നിബന്ധനകൾ:
- മരുന്നുകളുടെ അളവ്: മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ (Group 1, Table 1) പരമാവധി 15 ദിവസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവിൽ മാത്രമേ കൊണ്ടുവരാൻ അനുവാദമുള്ളൂ. മാനസികരോഗ ചികിത്സയ്ക്കുള്ള മരുന്നുകൾ (Group 2, Tables 2, 3, 4) ഒരു മാസത്തെ ചികിത്സയ്ക്ക് ആവശ്യമായ അളവിൽ കൊണ്ടുവരാം.
- സാക്ഷ്യപ്പെടുത്തൽ നിർബന്ധം: മരുന്നുകൾക്കൊപ്പം ഹാജരാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകളും കുറിപ്പടികളും യാത്ര പുറപ്പെടുന്ന രാജ്യത്തെ കുവൈത്ത് ഹെൽത്ത് ഓഫീസോ കുവൈത്ത് എംബസിയോ സാക്ഷ്യപ്പെടുത്തിയിരിക്കണം (Attestation). എഴുതപ്പെട്ട രൂപത്തിലോ ഇലക്ട്രോണിക് രീതിയിലോ ഉള്ള സാക്ഷ്യപ്പെടുത്തൽ സ്വീകരിക്കും.
- കസ്റ്റംസ് പരിശോധന: വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ ഈ രേഖകൾ സമർപ്പിക്കണം. സാക്ഷ്യപ്പെടുത്താത്ത രേഖകളാണെങ്കിൽ മരുന്നുകൾ വിട്ടുകൊടുക്കില്ല. അറ്റസ്റ്റ് ചെയ്യാത്ത രേഖകളുമായി വരുന്നവർക്ക് എയർപോർട്ട് ക്ലിനിക്കിലെ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം 24 മണിക്കൂറിനുള്ളിൽ അനുമതി ലഭിച്ചാൽ മാത്രമേ മരുന്നുകൾ വിട്ടുനൽകുകയുള്ളൂ.
- അനധികൃതമായി കൊണ്ടുവരുന്നവ: നിയമം ലംഘിച്ച് കൊണ്ടുവരുന്ന മരുന്നുകൾ കസ്റ്റംസ് പിടിച്ചെടുക്കുകയും തുടർ നടപടികൾക്കായി ആരോഗ്യ മന്ത്രാലയത്തിലെ ഫാർമസ്യൂട്ടിക്കൽ ഇൻസ്പെക്ഷൻ വിഭാഗത്തിന് കൈമാറുകയും ചെയ്യും.
ഇളവുകൾ: കുവൈത്തിൽ പ്രാക്ടീസ് ചെയ്യാൻ ലൈസൻസുള്ള ഡോക്ടർമാർ നൽകിയ കുറിപ്പടിയുള്ളവർക്ക് ഈ നിബന്ധനകളിൽ ഇളവുണ്ട്. ഇവർ എൻട്രി പോയിന്റുകളിൽ കുറിപ്പടി കാണിച്ചാൽ മരുന്നുകൾ പരിശോധനയ്ക്ക് ശേഷം കൊണ്ടുപോകാം.
വിദേശത്തുനിന്ന് മരുന്നുകളുമായി എത്തുന്ന പ്രവാസികളും സന്ദർശകരും പ്രയാസങ്ങൾ ഒഴിവാക്കാൻ പുതിയ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. കുവൈത്ത് ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് അൽ-യൗമിൽ’ ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്