കുവൈത്ത് സിറ്റി: കുവൈത്തിൽ കോടികളുടെ സൈബർ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിവന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന ഓപ്പറേഷനിലാണ് വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള സംഘം വലയിലായത്. 2023 മുതൽ ഏകദേശം 100 ദശലക്ഷത്തിലധികം കുവൈത്തി ദിനാർ (ഏകദേശം 2700 കോടിയിലധികം ഇന്ത്യൻ രൂപ) ഇവർ വെളുപ്പിച്ചതായാണ് പ്രാഥമിക വിവരം.
ഇന്റർനെറ്റ് വഴി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നതായിരുന്നു ഇവരുടെ പ്രധാന രീതി. ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് കുവൈത്തിനുള്ളിൽ നിന്ന് വിലകൂടിയ സ്മാർട്ട് ഫോണുകൾ വാങ്ങും. അജ്ഞാതരായ വിദേശ വ്യക്തികളുടെ പേരിൽ ഓർഡർ ചെയ്യുന്ന ഫോണുകൾ ഏജന്റുമാർ (ഡെലിവറി ബോയ്സ്) വഴി കൈപ്പറ്റുകയും പിന്നീട് ഇവ മറിച്ചുവിറ്റ് പണമാക്കുകയും ചെയ്യും. ഈ പണം പിന്നീട് വ്യാജമായി നിർമ്മിച്ച കമ്പനികളുടെ അക്കൗണ്ടുകൾ വഴി വിദേശത്തേക്ക് കടത്തുകയായിരുന്നു പതിവ്.
പ്രതികൾ കുവൈത്തിൽ യാതൊരു പ്രവർത്തനവുമില്ലാത്ത ഒട്ടനവധി വ്യാജ കമ്പനികൾ (Shell Companies) രജിസ്റ്റർ ചെയ്തിരുന്നു. പണം ശേഖരിക്കുന്ന ഏജൻസികളിൽ നിന്ന് ഈ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് ദിവസേന പണം നിക്ഷേപിക്കും. ബാങ്കുകളെ ബോധ്യപ്പെടുത്താനായി വ്യാജ ഇൻവോയ്സുകളും ഇവർ നിർമ്മിച്ചിരുന്നു. ഈ മാസം മാത്രം ആറ് ദശലക്ഷം ദിനാറാണ് ഇത്തരത്തിൽ അക്കൗണ്ടുകളിൽ എത്തിയത്.
തട്ടിപ്പ് പുറത്തായെന്ന് മനസ്സിലാക്കിയ ഒരു പ്രതി ഉടൻ തന്നെ ജോർദാനിലേക്ക് കടന്നിരുന്നു. എന്നാൽ കുവൈത്ത് സുരക്ഷാ വിഭാഗം ജോർദാൻ അധികൃതരുമായി നടത്തിയ ദ്രുതഗതിയിലുള്ള ഏകോപനത്തിലൂടെ ഇയാളെ അന്നുതന്നെ പിടികൂടി കുവൈത്തിൽ തിരിച്ചെത്തിച്ചു. പണം വെളുപ്പിക്കാൻ സ്വന്തം പേരിൽ കമ്പനികൾ രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകിയ കുവൈത്തി ഉൾപ്പെടെ ഒമ്പത് പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
പ്രതികളുടെ പക്കൽ നിന്ന് ഒരു ലക്ഷത്തിലധികം ദിനാറും ഒമ്പത് ഐഫോണുകളും പിടിച്ചെടുത്തു. കൃത്യമായ പരിശോധന കൂടാതെ പണം കൈമാറാൻ സഹായിച്ച പണമിടപാട് സ്ഥാപനത്തിനെതിരെയും (Collection Company) സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തുമായി സഹകരിച്ച് കർശന നടപടി സ്വീകരിക്കും. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകർക്കുന്ന ഇത്തരം സംഘങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്