കുവൈറ്റ് സിറ്റി: കുവൈറ്റ് സർക്കാർ സേവനങ്ങളെ പൂർണ്ണമായും ഡിജിറ്റലൈസേഷനിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി, വിവര മന്ത്രാലയത്തിലെ (Ministry of Information) ജീവനക്കാരുടെ അവധി അപേക്ഷകളും ഹാജരുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഇനി മുതൽ സിവിൽ സർവീസ് കമ്മീഷൻ (CSC) ആപ്ലിക്കേഷൻ വഴി മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡിജിറ്റൽ സർക്കാർ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സുപ്രധാന നടപടി.
പുതിയ ഉത്തരവ് പ്രകാരം, ജീവനക്കാരുടെ എല്ലാത്തരം അവധി അപേക്ഷകളും സിവിൽ സർവീസ് കമ്മീഷൻ (സി.എസ്.സി.) ആപ്ലിക്കേഷൻ വഴി മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. 2025 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഈ പുതിയ നടപടിക്രമം നിലവിൽ വരുന്നത്. നേരത്തെ സമർപ്പിച്ചതും പുതുതായി സമർപ്പിക്കുന്നതുമായ എല്ലാ അവധി അപേക്ഷകൾക്കും ഈ നിയമം ബാധകമായിരിക്കും.
മാനുവൽ സംവിധാനം പൂർണ്ണമായി നിർത്തലാക്കും
അവധി അപേക്ഷകൾ ഡിജിറ്റലായി മാറ്റുന്നതിന് പുറമെ, ഹാജരുമായി ബന്ധപ്പെട്ട കൈകൊണ്ട് എഴുതിയ (മാനുവൽ) ഇടപാടുകൾ 2025 ജനുവരി 1 മുതൽ പൂർണ്ണമായും നിർത്തിവയ്ക്കുന്നതായി മന്ത്രാലയം മറ്റൊരു സർക്കുലറിലൂടെ പ്രഖ്യാപിച്ചു. സാധാരണ അവധി, അടിയന്തിര അവധി, വിവിധ തരം അനുമതികൾ, ഇളവുകൾ തുടങ്ങിയ ഹാജറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളെയും ഈ മാറ്റം ബാധിക്കും.
ഇനി മുതൽ, ഹാജർ, പുറപ്പെടൽ, അവധി മാനേജ്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സിവിൽ സർവീസ് കമ്മീഷൻ ആപ്ലിക്കേഷൻ വഴി മാത്രമേ പൂർത്തിയാക്കാൻ സാധിക്കൂ. നടപടിക്രമങ്ങൾ ലളിതമാക്കാനും, പ്രവർത്തനങ്ങളിൽ സുതാര്യത വർദ്ധിപ്പിക്കാനും, ഭരണപരമായ സംവിധാനത്തെ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
മന്ത്രാലയത്തിന്റെ പുതിയ നയം ജീവനക്കാർ കർശനമായി പാലിക്കണമെന്നും, അംഗീകൃത ഇലക്ട്രോണിക് സംവിധാനം വഴി മാത്രം എല്ലാ അപേക്ഷകളും സമർപ്പിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്