March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

പിടികിട്ടാപ്പുള്ളികളെ നിമിഷങ്ങൾക്കകം തിരിച്ചറിയാൻ നിർമ്മിത ബുദ്ധിയോടെയുള്ള നിരീക്ഷണ ക്യാമറകൾ വിന്യസിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന്റെയും സുരക്ഷാ നവീകരണത്തിന്റെയും ഭാഗമായി, കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിർമ്മിത ബുദ്ധിയുടെ (AI) പിൻബലമുള്ള അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരെയും മറ്റ് സുരക്ഷാ കാരണങ്ങളാൽ ആവശ്യമായ വ്യക്തികളെയും അതിവേഗം തിരിച്ചറിഞ്ഞ് പിടികൂടുക എന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുപ്രധാന കേന്ദ്രങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, മറ്റ് തന്ത്രപ്രധാനമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഇതിനോടകം നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. രാജ്യത്തുടനീളം ഈ സംവിധാനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശപ്രകാരമാണ് സുരക്ഷാ സംവിധാനങ്ങളുടെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഈ നീക്കത്തിന് തുടക്കമിട്ടതെന്ന് ഹ്യൂമൻ റിസോഴ്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മേധാവിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഡയറക്ടർ മേജർ ഫറാഹ് അൽ-മുകൈമി അറിയിച്ചു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉൾപ്പെടെ പ്രധാന ഇടങ്ങളിൽ സ്മാർട്ട് ഗേറ്റുകളും കാമറകളും സ്ഥാപിച്ചിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി, നിർമ്മിത ബുദ്ധി കാമറകൾ ഘടിപ്പിച്ച സ്മാർട്ട് പട്രോളിംഗ് വാഹനങ്ങളും സേനയുടെ ഭാഗമാക്കിയിട്ടുണ്ട്. ഇവ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്താനല്ല, മറിച്ച് ക്രിമിനൽ പശ്ചാത്തലമുള്ളവരെയും സുരക്ഷാഭീഷണിയുള്ളവരെയും നിരീക്ഷിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ അതിവേഗത്തിലുള്ള പ്രതികരണ ശേഷിയാണ്. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് സെക്യൂരിറ്റി സിസ്റ്റംസിലെ ഇൻസ്‌പെക്ഷൻ ആന്റ് ഫോളോ-അപ്പ് വിഭാഗം മേധാവി മേജർ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ-യാഖൂബ് പറയുന്നതനുസരിച്ച്, കാമറകൾ കണ്ടെത്തുന്നവരെ സംബന്ധിച്ച വിവരം നിമിഷങ്ങൾക്കകം മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് കൈമാറുകയും, ഉടൻ തന്നെ അറസ്റ്റിനായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങൾക്ക് തത്സമയ മുന്നറിയിപ്പ് നൽകുകയും ചെയ്യും.

വ്യക്തികളെ തിരിച്ചറിയുന്നതിനായി, ബയോമെട്രിക് ഡാറ്റയുമായി ബന്ധിപ്പിച്ച ഐറിസ് തിരിച്ചറിയൽ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് നേരിട്ട് തിരിച്ചറിയൽ രേഖകൾ ചോദിക്കാതെ തന്നെ വ്യക്തികളെ തിരിച്ചറിയാൻ സാധിക്കും. പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ക്രിമിനൽ രേഖകൾ, സിവിൽ വിവരങ്ങൾ, യാത്രാ രേഖകൾ, താമസ സംവിധാനങ്ങൾ എന്നിവയുമായി സംയോജിപ്പിച്ച ഒരു സംയോജിത സുരക്ഷാ ശൃംഖല (Integrated Security Network) സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം.

ഡാറ്റാ സുരക്ഷ ഉറപ്പാക്കും

അനധികൃതമായ പ്രവേശനം തടയുന്നതിനായി സിസ്റ്റത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഇൻഫർമേഷൻ സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിലെ എഞ്ചിനീയർ നൗറ അൽ-ഹർബി ഉറപ്പുനൽകി. പിടികിട്ടാപ്പുള്ളികളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റകളും പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്ത നിലയിൽ സുരക്ഷാ അധികാരികൾക്ക് മാത്രം ലഭ്യമാകുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, എഐ കാമറകളും സ്മാർട്ട് പട്രോളുകളും വഴി ദിവസേന നിരവധി പിടികിട്ടാപ്പുള്ളികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്യുന്നതിലൂടെ സുരക്ഷാ പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഗണ്യമായി വർധിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.

error: Content is protected !!