കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വിസാ നടപടികൾ ആധുനികവൽക്കരിച്ചതോടെ, ഇനി വിസകൾ വെറും അഞ്ച് മിനിറ്റിനുള്ളിൽ അനുവദിക്കും. ആധുനിക ‘കുവൈറ്റ് ഇ-വിസ’ (Kuwait E-Visa) സംവിധാനം വഴിയാണ് ഈ വേഗത്തിലുള്ള സേവനം സാധ്യമാക്കുന്നത്. രാജ്യത്തെ ഡിജിറ്റൽ പരിവർത്തനത്തിന്റെയും ഭരണപരമായ വികസനത്തിന്റെയും ഭാഗമായാണ് പുതിയ നടപടി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് സൗദ് അൽ-സബാഹ് ആണ് സുപ്രധാനമായ ഈ വിവരം പ്രഖ്യാപിച്ചത്. ഗ്രീൻ അർബൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്‌സ് ഫോറത്തിന്റെ (Green Urban Development Initiatives Forum) ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം മികച്ച ഒരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും, എല്ലാ മേഖലകളിലും അതിവേഗത്തിലുള്ള വികസനം നടപ്പിലാക്കി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. വിസകളും താമസാനുമതികളും ഇപ്പോൾ കൂടുതൽ എളുപ്പത്തിൽ ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
സന്ദർശകരെ സ്വാഗതം ചെയ്യുന്നു
കുവൈത്തിന്റെ നിയമങ്ങളെയും പൗരന്മാരുടെ ഉൽകൃഷ്ടമായ സ്വഭാവത്തെയും ബഹുമാനിക്കുന്ന എല്ലാ സന്ദർശകരെയും രാജ്യം സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി പറഞ്ഞു. നിയമവ്യവസ്ഥകൾ പാലിക്കുന്ന ആർക്കും ഏത് സമയത്തും കുവൈറ്റിലേക്ക് വരാം.
കൂടാതെ, എല്ലാ വർഷവും ഒക്ടോബർ 15-നും ഏപ്രിൽ 15-നും ഇടയിലുള്ള കാലാവസ്ഥ കുവൈത്തിനെ ഒരു മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു എന്നും ഷെയ്ഖ് ഫഹദ് അൽ-യൂസഫ് കൂട്ടിച്ചേർത്തു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു