കുവൈറ്റ് സിറ്റി: ജലീബ് അൽ-ഷുയൂഖ് മേഖലയിൽ 67 പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനെ തുടർന്ന് പ്രവാസി ബാച്ചിലർ തൊഴിലാളികൾ സമീപത്തെ സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിലേക്ക് താമസം മാറ്റുന്ന പ്രവണത വർദ്ധിച്ച സാഹചര്യത്തിൽ കുവൈറ്റ് സർക്കാർ നടപടി ശക്തമാക്കി. താമസക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി, അനുവദനീയമല്ലാത്ത മേഖലകളിലെ ബാച്ചിലർ താമസസ്ഥലങ്ങൾക്കെതിരെ കർശന പരിശോധനകളാണ് അധികൃതർ നടത്തുന്നത്.
കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ, വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്യൽ കൺട്രോൾ ടീമുമായും ആഭ്യന്തര മന്ത്രാലയവുമായും സഹകരിച്ചാണ് പരിശോധനാ കാമ്പയിനുകൾ നടത്തുന്നത്. ഖൈത്താൻ, അൽ-ഫിർദൗസ്, അൽ-അൻദലസ്, അൽ-റാബിയ, അൽ-ഒമരിയ തുടങ്ങിയ സ്വകാര്യ താമസമേഖലകളിലാണ് പ്രധാനമായും നിരീക്ഷണം ശക്തമാക്കിയത്.
ഫാർവാനിയ, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ സെൻട്രൽ ഓപ്പറേഷൻസ് ടീം അംഗവും ബാച്ചിലർമാരുടെ കമ്മിറ്റി റിപ്പോർട്ടറുമായ എഞ്ചിനീയർ മുഹമ്മദ് അൽ-ജലാവിയുടെ നേതൃത്വത്തിൽ ഖൈത്താനിൽ നടത്തിയ പരിശോധനയിൽ 14 കെട്ടിടങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നിയമലംഘനം കണ്ടെത്തിയ മറ്റ് 34 കെട്ടിടങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു.
കർശന മുന്നറിയിപ്പ്
സമീപ ദിവസങ്ങളിൽ അൽ-റാബിയയിൽ നടത്തിയ പരിശോധനയിൽ, താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 18 മുന്നറിയിപ്പുകൾ നൽകിയതായും അൽ-ജലാവി അറിയിച്ചു.
നിയമലംഘനങ്ങളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിയമം ലംഘിച്ച് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്ന ഉടമകൾക്ക് അൽ-ജലാവി കർശന മുന്നറിയിപ്പ് നൽകി: “എല്ലാ സർക്കാർ ഏജൻസികളും നിങ്ങളുടെ കെട്ടിടത്തിൽ എത്തുന്നതുവരെ കാത്തിരിക്കരുത്. അപ്പോഴേക്കും അവസാന ഘട്ടത്തിൽ എത്തുകയും ഒഴികഴിവുകൾ സ്വീകരിക്കപ്പെടാതെ വരികയും ചെയ്യും. നിയമപരമായ നിലയിലേക്ക് ഉടൻ തിരികെ വരാൻ എല്ലാവരും തയ്യാറാകണം.”
ജലീബ് അൽ-ഷുയൂഖിൽ നടന്ന പൊളിച്ചുമാറ്റലിനെ തുടർന്ന് തൊഴിലാളികൾ സ്വകാര്യ റെസിഡൻഷ്യൽ മേഖലകളിലേക്ക് കൂട്ടത്തോടെ എത്തുന്നത് തടയാൻ സംയോജിത ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്