കുവൈറ്റ് സിറ്റി: വാണിജ്യ, വ്യവസായിക, തൊഴിൽ മേഖലകളിലെ നിയമലംഘനങ്ങൾ തടയുന്നതിനായി കുവൈറ്റ് മുൻസിപ്പാലിറ്റി പരിശോധന ശക്തമാക്കി. മുൻസിപ്പാലിറ്റി മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 5,000 കുവൈറ്റി ദീനാർ വരെ പിഴയും സ്ഥാപനം അടച്ചുപൂട്ടലും ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുൻസിപ്പാലിറ്റി ആരംഭിച്ച ‘കൃത്യമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ബിസിനസ്സ് ലൈസൻസ് നേടുക’ (Get your business licensed through correct steps) എന്ന പ്രത്യേക ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ നടപടി.
ക്യാപിറ്റൽ ഗവർണറേറ്റിലെ ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗം അഡ്വർടൈസിംഗ് സൂപ്പർവൈസർ ഹമദ് അൽ നിമ്രാൻ ആണ് ഇതേക്കുറിച്ച് വിശദമാക്കിയത്. വാണിജ്യ ലൈസൻസുകൾക്ക് പുറമെ ക്രാഫ്റ്റ്, പ്രൊഫഷണൽ, ഇൻവെസ്റ്റ്മെന്റ്, വ്യവസായ മേഖലകളിലെ പ്രവർത്തനങ്ങൾക്കും ഈ നിയമങ്ങൾ ബാധകമാണ്. ലൈസൻസില്ലാതെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക, അനുമതിയില്ലാതെ അധിക സ്ഥലം കൂട്ടിച്ചേർക്കുക, മുൻസിപ്പാലിറ്റിയുടെ മുൻകൂർ അംഗീകാരമില്ലാതെ മറ്റ് ബിസിനസ്സ് പ്രവർത്തനങ്ങൾ നടത്തുക എന്നീ മൂന്ന് പ്രധാന നിയമലംഘനങ്ങളാണ് ഫീൽഡ് ടീമുകൾ പ്രധാനമായും പരിശോധിക്കുന്നത്.
വ്യവസായിക, വാണിജ്യ മേഖലകളിൽ ദിവസേന പരിശോധനകൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. ചെറിയ വീഴ്ചകൾക്ക് തുടക്കത്തിൽ തിരുത്താനുള്ള മുന്നറിയിപ്പുകൾ നൽകും. എന്നാൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കനത്ത പിഴയും അടച്ചുപൂട്ടലും ഉണ്ടാകും. ബിസിനസ്സ് ഉടമകൾ മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ച് നിയമപരമായ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കണമെന്നും മുൻസിപ്പാലിറ്റി അഭ്യർത്ഥിച്ചു.





More Stories
കുവൈറ്റിൽ വാഹനം ഓഫാക്കാതെ റോഡരികിൽ നിർത്തി ഗ്രോസറിയിൽ കയറിയ ഏഷ്യൻ പ്രവാസിയുടെ കാർ മോഷണം പോയി
കുവൈറ്റ് ഫർവാനിയയിലെ ഭക്ഷ്യ ഗോഡൗണുകളിൽ പരിശോധന : 173 കിലോഗ്രാം കേടായ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു ; 5 സ്ഥാപനങ്ങൾക്കെതിരെ കേസ്
287 പേരുടെ വിലാസം കൂടി നീക്കം ചെയ്ത് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ( PACI ) ; മേൽവിലാസം പുതുക്കിയില്ലെങ്കിൽ 100 ദിനാർ പിഴ